Saturday, February 23, 2008

വയനാട്ടുകുലവന്‍

വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ശിവബീജം ഭൂമിയില്‍ പതിക്കാനിടയാകുകയും, അതില്‍ നിന്നും മൂന്ന് വൃക്ഷങ്ങള്‍ (കരിംതെങ്ങ്) ഉണ്ടാവുകയും ചെയ്തു. ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ‘മധു’ ഊറിവരാറുണ്ടായിരുന്നു. ഒരിക്കല്‍ വേടരൂപം ധരിച്ച പരമശിവന്‍ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോള്‍ അങ്ങിനെ ഊറി വന്ന ‘മധു’ കാണാനിടയാവുകയും, ‘മധു’ കുടിച്ച് മത്തവിലാസം ശിവഭ്രാന്താടുകയും ശ്രീപാര്‍വ്വതി ഭയപ്പെട്ടോടുകയും
ചെയ്തു.



“വേടരൂപം ധരിച്ചുള്ള കൈലാസനാഥന്‍
വേട്ടയ്ക്കായെഴെന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിംതെങ്ങിന്‍ കുറുംകുലമേല്‍
മധുപൊഴിയും വാനുലോകം പൊഴിയുന്നല്ലൊ
അതുകണ്ട് പരമശിവന്‍ അടുത്തു ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതു കണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി”
എന്നിങ്ങനെയാണ് ഇതേക്കുറിച്ച് തോറ്റം പാട്ടില്‍ പറയുന്നത്.



ഇതുകണ്ട് ഭയന്ന് പാര്‍വ്വതി തന്റെ മന്ത്രശക്തിയാല്‍ ‘മധു’ തടവി മുകളിലേക്കുയര്‍ത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിന്‍ മുകളിലെത്തിയതായാണ് കാണാന്‍ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവന്‍ തൃജ്ജടകൊണ്ട് തൃത്തുടമേല്‍ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങില്‍ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു.



ഇതറിഞ്ഞ പരമശിവന്‍ ‘കദളീമധുവന’ത്തില്‍ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാല്‍ വിലക്കു വകവെക്കാതെ ദിവ്യന്‍ ‘കദളീമധുവന‘ത്തില്‍ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകള്‍ പൊട്ടി മധുകുംഭത്തില്‍ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.



മാപ്പിരന്ന മകന് പൊയ്‌കണ്ണ് നല്‍കി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. അങ്ങിനെ വയനാട്ടില്‍ എത്തിച്ചേര്‍ന്ന ‘ദിവ്യന്‍’ വയനാട്ടുകുലവനെന്നറിയപ്പെടാന്‍ തുടങ്ങി. ഈ ദൈവം വാണവര്‍കോട്ടയില്‍ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്നും അവിടുത്തെ വാഴുന്നവര്‍ക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതത്രെ.



വയനാട്ടുകുലവന്റെ ഉരിയാട്ടം അതീവ രസകരമാണ്. തമാശരൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ പറയുന്ന ശൈലിയാണ് വയനാട്ടുകുലവന്റേത്.
“കണ്ണും കാണൂല്ല, ചെവിയും കേക്കൂല തൊണ്ടച്ചന്
എന്നാല്‍ കരിമ്പാറമേല്‍ കരിമ്പനിരിയുന്നത് കാണാം,
നെല്ലിച്ചപ്പ് കൂപത്തില്‍ വീഴുന്നത് കേള്‍ക്കാം”
വളരെ അര്‍ത്ഥവത്തായ ഇത്തരം വാചകങ്ങളാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കികൊണ്ട് വയനാട്ടുകുലവന്‍ തെയ്യം പറയാറ്.



വടക്കെ മലബാറിലെ തീയ്യ സമുദായത്തില്‍ പെട്ടവരുടെ പ്രധാന ആരാധനാമൂര്‍ത്തിയാണ് വയനാട്ടുകുലവന്‍. വയനാട്ടുകുലവന്റെ പരികര്‍മ്മിയായി എപ്പോഴും തീയ്യ സമുദായത്തില്‍ പെട്ട ആളാണുണ്ടാവുക. എന്നാല്‍ നായര്‍/നമ്പ്യാര്‍ തറവാ‍ടുകളില്‍ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ വയനാട്ടുകുലവന്‍ തെയ്യത്തെ തൊണ്ടച്ചന്‍ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാന്‍ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിന്‍(കമുകിന്‍) പൂവാണ്.



കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വര്‍ഷവും വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടുമെങ്കിലും, കാസര്‍ഗോഡ് ജില്ലയില്‍ വയനാട്ടുകുലവന്‍ ദൈവ് കെട്ട് വളരെ വര്‍ഷം കൂടുമ്പോള്‍ മാത്രമേ ആഘോഷിക്കാറുള്ളൂ. പെരുങ്കളിയാട്ടം പോലെ വമ്പിച്ച ഒരു പരിപാടിയായാണ് വയനാട്ടുകുലവന്‍ ദൈവ് കെട്ട് നടക്കുക. 3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി നാള്‍മരം മുറിക്കല്‍, കലവറ നിറക്കല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും. വയനാട്ടുകുലവന്‍ തെയ്യത്തിന്റെ കൂടെ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങളും കാസര്‍ഗോഡ് ഭാഗത്ത് ഉണ്ടാകാറുണ്ട്. ആദ്യ ദിവസം തെയ്യം കൂടല്‍, രണ്ടാം ദിവസം തെയ്യങ്ങളുടെ വെള്ളാട്ടം, മൂന്നാം ദിവസം രാവിലെ മുതല്‍ തെയ്യ പുറപ്പാട് എന്നിവ നടക്കും. വൈകുന്നേരം നാലുമണിയോടെയാണ് തൊണ്ടച്ചന്‍ തെയ്യം അരങ്ങിലെത്തുക. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. രണ്ടാം ദിവസംരാത്രി നായാട്ടുകാര്‍ കൊണ്ടുവന്ന മൃഗങ്ങളെ, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വകയില്‍ ബപ്പിടല്‍ ചടങ്ങു നടക്കും. അതിന്നു ശേഷം അവയെ പാകം ചെയ്ത് തെയ്യം കാണാന്‍ വന്നവര്‍ക്കെല്ലാം ഭക്ഷണത്തോടൊപ്പം വിളമ്പും.വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകള്‍ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിര്‍ബാധം തുടരുന്നുണ്ട്.

ഈ പോസ്റ്റിലെ ആദ്യ ചിത്രം വെള്ളാട്ടത്തിന്റെ മുഖത്തെഴുതുന്നതും, 2, 3 ചിത്രങ്ങള്‍ വയനാട്ടുകുലവന്റെ വെള്ളാട്ടത്തിന്റെയും, 4 മുതലുള്ള ചിത്രങ്ങള്‍ തെയ്യത്തിന്റേതുമാണ്. ചിത്രങ്ങള്‍ ഞാനെടുത്തതാണ്, പല പോരായ്മകളുമുണ്ടാകും.

വയനാട്ടുകുലവന്റെ തോറ്റം വിക്കിയില്‍ ലഭ്യമാണ്, ശ്രീലാലിന്റെ പ്രയത്നത്തിനു നന്ദി.

റഫറന്‍സ്: 1. കളിയാട്ടം, സി.എം.എസ്.ചന്തേര
2. നാടന്‍ പാട്ടു മഞ്ജരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി
3. തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവന്‍ അഴീക്കോട്