Sunday, September 28, 2008

പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 1

പൊലികാ പൊലികാ പൊലികാ
പുലിമറഞ്ഞ തൊണ്ടച്ചന്‍ തെയ്യം പൊലികാ
പുകള്‍പെറും മാടായി കാരിഗുരുക്കളേ
പുലിമറഞ്ഞ തൊണ്ടച്ചാ, നീ തൊണയേ..

ഇതു പുലിമറഞ്ഞ തൊണ്ടച്ചന്റെ പൊലിപ്പാട്ട്. വടക്കെമലബാറില്‍ വളരെ പ്രശസ്തമായ ഒരു പുരാവൃത്തമാണ് മാടായി കാരിഗുരുക്കളുടേത്. പുലയനായി ജനിച്ച് പതിനെട്ടു കളരിയിലും അഭ്യാസം പൂര്‍ത്തിയാക്കി ഒടുവില്‍ തമ്പുരാക്കന്മാരുടെ ചതിയില്‍‌പെട്ട് സ്വജീവന്‍ വെടിയേണ്ടി വന്നു മാടായി കാരി ഗുരുക്കള്‍ക്ക്. പ്രശസ്ത കഥാകൃത്തായ എന്‍ പ്രഭാകരന്റെ പുലിജന്മം എന്ന നാടകം, അന്തരിച്ച പ്രഗത്ഭ എഴുത്തുകാരന്‍ ഡോ.ടി.പി.സുകുമാരന്റെ മാടായി കാരി എന്ന നാടകം, താഹ മാടായിയുടെ ‘കാരി’, ഒടുവില്‍ പ്രിയനന്ദനനെ ദേശീയ പുരസ്കാരത്തിനര്‍ഹനാക്കിയ പുലിജന്മം എന്ന സിനിമ, ഇവയെല്ലാം മാടായി കാരി ഗുരുക്കളുടെ കഥയെ പുനരാഖ്യാനം ചെയ്തുകൊണ്ടാണെഴുതപ്പെട്ടിട്ടുള്ളത്. എല്ലാവരും വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ കാരിയുടെ കഥ പറയുന്നു.

ചേണിച്ചേരി കുഞ്ഞമ്പു എന്ന നാട്ടുപ്രഭുവിന്റെ അടിമകളായിരുന്ന വിരുന്തന്റെയും വിരുന്തിയുടെയും മകനായിരുന്നു കാരി. കുഞ്ഞിമംഗലത്തിനു കിഴക്ക് വടക്ക് ഭാഗത്തുള്ള പാറന്താട്ട് മലയിലാണ് ഇവര്‍ താമസം. ചെറുപ്പം മുതല്‍ക്കു തന്നെ കൃഷിപ്പണിയോട് കാരിക്ക് താല്‍പ്പര്യമില്ലായിരുന്നു. കൈമിടുക്കും മെയ്ക്കരുത്തുമുള്ള കാരിക്ക കളരിയില്‍ ചേരാനായിരുന്നു ആഗ്രഹം. അടിമകളായ പുലയര്‍ക്ക് കളരികളില്‍ പ്രവേശനമില്ലായിരുന്നു അക്കാലത്ത്. കാരിയുടെ ആഗ്രഹം കേട്ട് ജന്മിയായ ചേണിച്ചേരി അവനെ കളരിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവന്റെ പേരും കുലപ്പേരും മാറ്റിപ്പറഞ്ഞാണ് ചേണിച്ചേരി അവന് കളരി പ്രവേശനം ഉറപ്പാക്കിയത്.

അക്കാലത്ത് പ്രശസ്തമായ 18 കളരികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 17 കളരികളിലും ‘കാരി’ പയറ്റി തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. പതിനെട്ടാമത്തെ കളരിയായ ചോദിയാര്‍ കളരിയില്‍ നിന്നും മാന്ത്രിക വിദ്യകളും ജ്യോതിഷവും ഹൃദിസ്ഥമാക്കി. അതീവ ജാഗ്രതയോടെ പഠിക്കേണ്ട ‘പുലിമറയല്‍‘ എന്ന ഒടിവിദ്യയും കാര്യ പഠിച്ചെടുത്തു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പതിനെട്ടാമത്തെ കളരിയിലെ ആശാത്തിയോട് യാത്രപറയാന്‍ തുടങ്ങുമ്പോഴേക്കും, കാരി പേരും കുലപ്പേരും മാറ്റി പറഞ്ഞതാണെന്നു മനസ്സിലായി. കുപിതയായ ആശാത്തി ഗുരുവിനെ ചതിച്ചു (പേരും കുലപ്പേരും മാറ്റിപ്പറഞ്ഞത്) വശത്താക്കിയ വിദ്യകൊണ്ടു തന്നെ കാരി നശിച്ചു പോകുമെന്ന് ശപിച്ചു. ദുഖിതനായ കാരി സ്വഗൃഹത്തില്‍ തിരച്ചെത്തി. ആര്‍ജ്ജിച്ച വിദ്യ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കണമെന്ന തന്റെ ആഗ്രഹം ജന്മിയായ ചേണിച്ചേരിയെ അറിയിച്ചു.കാരി അഭ്യസിച്ച വിദ്യകള്‍ ചേണിച്ചേരി മുമ്പാകെ കാണിച്ചു കൊടുത്തു. സന്തുഷ്ടനായ ജന്മി മലയില്‍ തന്നെ ഒരു കളരി നിര്‍മ്മിച്ചു കൊടുത്തു.

കളരി തുടങ്ങിയതോടു കൂടി അഭ്യാസിയായ ‘കാരി’ ഗുരുക്കളുടെ പ്രശസ്തി നാടെമ്പാടും പരന്നു. കോലത്തു നാട്ടില്‍ മാത്രമല്ല അള്ളടത്തു നാട്ടില്‍ വരെ പ്രശസ്തിയെത്തി. ആ സമയത്താണ് അള്ളടം നാട്ടിലെ രാജാവിന് (നീലേശ്വരം) മാനസിക വിഭ്രാന്തി പിടിപെട്ടത്. സഹോദരിയുടെ പുത്രനായ ഇളമുറ തമ്പുരാന്‍ പൊട്ടന്‍‌, ഗുളികന്‍‌‌‌, കുറത്തി തുടങ്ങിയ മൂര്‍ത്തികളെ ഉപാസിച്ച് അവരെകൊണ്ട് വിഭ്രാന്തി വരുത്തിച്ചതാണെന്നായിരുന്നു കേള്‍വി. രോഗം മാറ്റുവാന്‍ പ്രശസ്തരായ വൈദ്യന്മാരൊക്കെ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം.‘മാടായി കാരി ഗുരുക്കളുടെ’ പ്രശസ്തി കേട്ടറിഞ്ഞ് കൊട്ടാരത്തില്‍ നിന്നും ആളെത്തി. ‘കാരിയെ’ പറഞ്ഞയക്കാന്‍ ചേണിച്ചേരി ജന്മി ആദ്യം വിസമ്മതിച്ചു. കാരിയെ അയക്കില്ലെന്നറിഞ്ഞ് കൊട്ടാരത്തില്‍ നിന്നും ഭീഷണിയായി. ഒടുവില്‍ കാരിയെ മനസ്സില്ലാമനസ്സോടെ അയക്കുവാന്‍ തന്നെ തീരുമാനിച്ചു. അഭ്യാസിയായ കാരിയെ അള്ളടത്തേക്കയച്ചാല്‍ കാര്യസാധ്യത്തിനുശേഷം ചതിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടായിരുന്നു ആദ്യം അയക്കാന്‍ മടിച്ചത്. പുലയനായ കാരിയോടു അസൂയയുള്ളവര്‍ കോലത്തു നാട്ടിലും, അള്ളടത്തും ധാരളമുണ്ടെന്ന് ജന്മിക്കറിയാമായിരുന്നു. അവര്‍ അപായപ്പെടുത്തുമെന്ന് മനസ്സിലാക്കിയ ജന്മി “ചരതിക്കണം, തടി ചരതിക്കണം” എന്ന് പലവട്ടം ഓര്‍മ്മിപ്പിച്ചാണ് കാരിയെ യാത്രയാക്കിയത്.

ബാക്കി ഇവിടെ വായിക്കുക

* ചരതിക്കണം - ശ്രദ്ധിക്കണം

9 comments:

കണ്ണൂരാന്‍ - KANNURAN said...

ഇടവേളക്കു ശേഷം പെരുങ്കളിയാട്ടത്തിലൊരു പോസ്റ്റ്... പുലിമറഞ്ഞ തൊണ്ടച്ചന്‍.. രണ്ടു ഭാഗങ്ങളായി എഴുതിയിരിക്കുന്നു.. ഒന്നാം ഭാഗം ഇവിടെ വായിക്കാം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കഥയറിയില്ല, രണ്ട് ഭാഗമാക്കാന്‍ മാത്രം വല്യ കഥയാണോ?

കുമാരന്‍ said...

നന്നായിട്ടുണ്ട്.
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

ഇട്ടിമാളു said...

രണ്ടാംഭാഗം എപ്പൊ വരും?

ജിവി said...

interesting, please make the 2nd part quick, thank you,

കുഞ്ഞന്‍ said...

മാഷെ..

അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ നോക്കുന്നു.

ചരതിക്കണം = നോക്കിക്കോളണം എന്നായിരിക്കുമെന്ന് കരുതുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിയ്ക്കുന്നു ഈ അറിവുകള്‍ . അടുത്ത ഭാഗത്തിന് കാത്തിരിയ്ക്കുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം മാഷെ പോരട്ടേ ബാക്കി

ത്രിശ്ശൂക്കാരന്‍ said...

ഇവിടെ ഒരു വലിയ കളിയാട്ട്മാണല്ലോ!
ഇപ്പോള്‍ തെയ്യം നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും കൂടി ഒരു പോസ്റ്റായി ഇടാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.
എന്നെപ്പോലെ പലര്‍ക്കും ഉപകാരപ്പെട്ടേയ്ക്കും.