Wednesday, June 11, 2008

കോതാമ്മൂരിയാട്ടം

അത്യുത്തരകേരളത്തില്‍ പ്രത്യേകിച്ചും കോലത്തുനാട്ടില്‍ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. ഉര്‍വരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളിലൊന്നാണിത്.



തുലാ മാസം 10ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക. ഒരു സംഘത്തില്‍ ഒരു കോതാമ്മൂരി തെയ്യവും (ആൺ‌കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട്
മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളില്‍ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാന്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതില്‍ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളില്‍ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കും ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടി വരുന്നത് കൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാന്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കാറുണ്ട്.

കോതാമ്മൂരി വരുമ്പോള്‍ വീടുകളില്‍ സ്വീകരിക്കുന്നതിനായി വിളക്കും തളികയും, നിറനാഴിയും, മുറത്തില്‍ നെല്‍‌വിത്തും ഒരുക്കി വെക്കും. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ കോതാമ്മൂരിയും, പനിയന്മാരും ഇതിനു വലംവെക്കും. തുടര്‍ന്ന് പാട്ടുകള്‍ പാടും. മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാന പാട്ടാണ്. “ആരിയന്‍ നാട്ടില്‍ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതല്‍ ചെറുകുന്ന് വരെ നീണ്ടു കിടക്കുന്ന “കോലത്തുവയല്‍” ഈ അമ്മയുടേതാണ്.


ഈ പാട്ടുകള്‍ കൂടാതെ മാടായിക്കാവിലമ്മയുടെയും, തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും, വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.

എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാന്‍
ഭൂമിലോകത്തിതാ കീഞ്ഞേന്‍
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ എന്നാണ് പൊലിപ്പാട്ടിലുള്ളത്.

മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വര്‍ണ്ണിക്കുന്ന പാട്ടാണ് കലശം‌ പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യര്‍ക്കും ദേവതകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.

കളിയാടോന്‍ കളിയാടോന്‍ കളിയാടോന്‍ കല്ലേകളിയാടോന്‍

കല്ലിന്റെ കീഴ ചുമട്ടില്‍ എന്നു തുടങ്ങി

ആര്‍ക്കെല്ലാം വേണം

കലശം തൊണ്ടച്ചന്‍ ദൈവത്തിന്നും വേണം

കലശം മുത്തപ്പന്‍ ദൈവത്തിനും വേണം

കലശം പൊട്ടന്‍ ദൈവത്തിനും വേണം

കലശം നാടും പൊലിക നഗരം പൊലിക

കള്ളും പൊലിക കലശം പൊലിക എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.

പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാല്‍ പനിയന്മാര്‍ക്കെന്തും പറയാം. വേദാന്തം മുതല്‍ അശ്ലീലം വരെ അവര്‍ പറയുകയും ചെയ്യും, പക്ഷെ ഒക്കെയും സാമൂഹ്യ വിമര്‍ശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാല്‍ നെല്ലും പണവും തുണിയും ഇവര്‍ക്ക് വീട്ടുകാര്‍ നല്‍കും. കൃഷിയുമായും, കന്നുകാലി വളര്‍ത്തുമായി ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.

കുറച്ചു വര്‍ഷം മുന്‍‌പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.

കോതാമ്മൂരിയാട്ടത്തെക്കുറിച്ച് മലബാറിയുടെ പോസ്റ്റ് ഇവിടെ വായിക്കാം. (ഈ പോസ്റ്റ് ശ്രദ്ധയില്പെടുത്തിയ മലബാറിക്ക് നന്ദി).

ചിത്രങ്ങള്‍: ധനരാജ് കീഴറ

റഫ: തെയ്യത്തിലെ ജാതി വഴക്കം, ഡോ. സഞ്ജീവന്‍ അഴീക്കോട്

കേരളത്തിന്റെ തനതുകലകള്‍ - കോതാമ്മൂരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി

15 comments:

കണ്ണൂരാന്‍ - KANNURAN said...

ഏറെ നാളുകൾക്കു ശേഷം പെരുങ്ങളിയാട്ടത്തിലൊരു പോസ്റ്റ്. നാശോന്മുഖമായ കോതാമ്മൂരിയാട്ടത്തെക്കുറിച്ച്.

രഘുവംശി said...

കോതാമൂരി പാട്ടും പാടി വായോ പൈങ്കിളീ എന്നുള്ള ഒരു മലയാളസിനിമാഗാനം കേട്ടനാള്‍ മുതല്‍ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു..എന്താണ്‌ ഈ കോതാമൂരി എന്ന്...തെക്കന്‍ കേരളീയനായ എനിക്ക് തെയ്യങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്...തെയ്യത്തിന്റെ ഘടനയും കഥകളും വിശദീകരിക്കുന്ന കുറച്ചു വിവരണഗ്രന്‌ഥങ്ങളുടെ പേരു പറഞ്ഞുതരുമോ കണ്ണൂരാനേ? ഈ ലേഖനം വളരെ ഇഷ്ടപ്പെട്ടു.......ഗ്രാമീണകലകളോടും ക്ഷേത്രകലകളോടും വല്ലാത്ത ഇഷ്ടമാണെനിക്ക്....

Sharu.... said...

നല്ല ലേഖനം...

Rockhead|തലേക്കല്ലന്‍ said...

കണ്ണൂരാന്റെ ഈ ബ്ലോഗ് കാണുന്നതിന്നാണ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ ആണല്ലോ മാഷെ.
ഇനി ഒരാഴ്ച എന്റെ ലിഷര്‍ ടൈം ഈ ബ്ലോഗ് വായിക്കാനായി മാത്രം നീക്കിവയ്ക്കുന്നു. നന്ദി.

കിനാവ് said...

കോതാമ്മൂരിയേയും പരിചയപ്പെട്ടു. നന്ദി. ആ പൊലിപ്പാട്ട് മുന്‍പ് കേട്ടിരുന്നു.

Dinkan-ഡിങ്കന്‍ said...

കണ്ണൂരാനേ ഇതൊക്കെ വിക്കിയില്‍ ഇടേണ്ട ഐറ്റംസ് ആണല്ലോ.
പടമെടുപ്പിനും,വിവരണത്തിനുമുള്ള ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

കോതാമൂരിയെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്.വളരെ നന്നായി തോന്നുന്നു ഈ കലാരൂപം. “ലൂംസ്&ലോ(ര്‍)സ്”ന്റെ നാട്ടില്‍ നിന്ന് കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെയ്യത്തെക്കുറിച്ചുള്ള അറിവുകള്‍ നല്‍കുന്ന നല്ല വിവരണങ്ങള്‍ , ചിത്രങ്ങള്‍

ഇതൊക്കെ ഞങ്ങള്‍ക്കു മുന്നിലെത്തിച്ചതിന് നന്ദിയും

മൂര്‍ത്തി said...

നന്ദി..

പാമരന്‍ said...

കൊള്ളാം മാഷെ. പരിചയപ്പെടുത്തലിന്‌ നന്ദി..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

തെയ്യമൊക്കെ ഞങ്ങള്‍ തിരുവിതാകൂറുകാരെ സംബനധിച്ചിടത്തോളം ഒരുപ്പാട് അറിയാന്‍ അഗ്രഹമ്മുള്ള ഒരു കലാരൂപമാണ്.തെയ്യത്തെകുറിച്ചൊക്കെ കൂട്ടുകാരായ കണ്ണൂരുകാരോ കാസര്‍ക്കോടുകാരോ ആണ് പറഞ്ഞ് തരുക
ഏതായാലും കണ്ണൂരാന്റെ ഈ പോസ്റ്റ് വളരെ ഉപകാരപ്രദമായി.

കണ്ണൂരാന്‍ - KANNURAN said...

രഘുവംശി: തെയ്യത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ എഴുതിയത് ഡോ.എം.വി.വിഷ്ണുനമ്പൂതിരിയാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെല്ലാം ആധികാരികം തന്നെ.
സി.എം.എസ്. ചന്തേര എഴുതിയ കളിയാട്ടം, അദ്ദേഹത്തിന്റെ മകന്റ് ഡോ.സഞ്ജീവന്‍ അഴീക്കോടെഴുതിയ തെയ്യത്തിന്റെ ജാതിവഴക്കം തുടങ്ങിയ ഗ്രന്ഥങ്ങളും ആധികാരികം തന്നെ.

ഡിങ്കന്‍: ഡിങ്കന്റെ വാക്കു കേട്ട് കോതാമൂരിയെ നേരെ വിക്കിയില്‍ കയറ്റി. അപ്പോഴല്ലെ അറിയുന്നത് ഇതേ വിഷയത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം നിലവിലുണ്ടായിരുന്നെന്ന്. ഇനീപ്പൊ രണ്ടും ചേര്‍ത്ത് ഒരെണ്ണമാക്കണമെന്ന വിക്കീപീഡിയര്‍ പറയുന്നത്.

സന്ദര്‍ശിച്ചഭിപ്രായം രേഖപ്പെടുത്തിയ ഷാരു, തലേക്കല്ലന്‍, കിനാവ്, പ്രിയ, മൂര്‍ത്തി, പാമരന്‍, അനൂപ് എന്നിവര്‍ക്കും വായിച്ചഭിപ്രായം പറയാതെ പോയ മറ്റെല്ലാവര്‍ക്കും നന്ദി.

Sekhar said...

Loved the post, and photos :)

വത്സലന്‍ വാതുശ്ശേരി said...

ബാബൂരാജ്,
നാടന്‍ കലകളെക്കുറിച്ച് ഒരു പുസ്തകവും ആവാം.
എന്നെപ്പോലുള്ള അദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെടും.
-വത്സലന്‍ വാതുശ്ശേരി

ദീപേഷ് ചക്കരക്കല്‍ said...

മാഷെ നന്നായി.
നമ്മുടെ കലയുടെ
കളിയാ‍ട്ടപ്പകര്‍തതല്‍...

ഓര്‍മ്മയുടെ അറയില്‍
വാളും ചിലമ്പും കലമ്പുന്ന ഗ്രാമസൌഭഗം.
ഈ ഓര്‍മ്മപ്പത്തായത്തില്‍
പൂത്തു നിറയട്ടെ
നമ്മുടെ ഭൂതസൌരഭ്യം...

nisha pv said...

നന്ദി ....
ബൂലോഗത്തിലേക്ക് സ്വാഗതം ചെയ്തതിനു ..
അക്ഷരതെറ്റുകള്‍ ഒരു നവാഗതയുടെതനെന്നു കരുതി ക്ഷമിക്കുക.
തങ്ങളുടെ ബ്ലോഗ് കണ്ടു..
ഞങ്ങള്‍ പുതിയ തലമുറ മറന്നു പോയ ,അല്ലെങ്കില്‍ അറിയാതെ പോയ
നമ്മുടെ സംസ്കൃതി വാക്കുകളിലൂടെ നിലനില്‍ക്കുന്നതില്‍ സന്തോഷം..