Friday, March 23, 2007

പൂരം, പൂരക്കളി


മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെയാണ് കോലത്തുനാട്ടിലും അള്ളടം നാട്ടിലും പൂരം ആഘോഷിച്ചു വരുന്നത്. കോപാകുലനായ മഹദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാന്‍ പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ട കഥയാണ് പൂരോത്സവത്തിനു പിന്നില്‍. പ്രായപൂര്‍ത്തി തികയാത്ത പെണ്‍കുട്ടികള്‍ വ്രതം നോറ്റ് ഈ ദിവസങ്ങളില്‍ ചാണകം കൊണ്ട് (ചിലയിടങ്ങളില്‍ മണ്ണുകൊണ്ടും, ചിലയിടങ്ങളില്‍ പൂ മാത്രവും) കാമവിഗ്രഹം ഉണ്ടാക്കി പൂജിച്ചു വരുന്നു. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധരണയായി നമ്മുടെ പടിപ്പുരക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിന്‍പൂ, നരയന്‍ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. പൂരദിവസം കാമദേവനെ “പറഞ്ഞയ്ക്കല്‍” ചടങ്ങാണ്. “നേരത്തെ കാലത്തെ വരണേ കാമാ..., കിണറ്റിന്‍ പടമ്മല്‍ പോലെ കാമാ....” തുടങ്ങിയ മുന്നറിയിപ്പുകളുമായി വീട്ടിലെ വരിക്കപ്ലാവിന്റെ ചുവട്ടിലേക്ക് പറഞ്ഞയക്കും. പൂരദിവസം പ്രത്യേകമായി തയ്യാറാ ക്കുന്ന പൂരടയും, പൂരക്കഞ്ഞിയുമൊക്കെ ഉണ്ടാക്കി കാമന് സമര്‍പ്പിക്കും. ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ പൂരം ആഘോഷിക്കുമെങ്കിലും, മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്.

പൂരോത്സവം പെണ്‍കുട്ടികളുടെ ആഘോഷമാണെങ്കില്‍, പൂരക്കളി വാല്യക്കാരുടേതാണ്. പണ്ടുകാലത്ത് പെണ്‍കുട്ടികളാണ് പൂരക്കളി കളിച്ചിരുന്നതെന്നാണ് വിശ്വാസം. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കര്‍ പൂരിക്കളിയില്‍ വളരെ വിദഗ്ധനും മുഴുവന്‍ പാട്ടുകളും‍ അറിയുന്നയാളുമായിരിക്കും. പൂരക്കളി പന്തലില്‍ കത്തിച്ചു വച്ച വിളക്കിനും ചുറ്റും ഈണത്തോടെ പാട്ടുപാടി അതീവ ചാരുതയോടെയും, മെയ്‌വഴക്കത്തോടെയുമാണ് പൂരക്കളി അവതരിപ്പിക്കുക. പൂരക്കളി പാട്ടുകള്‍ 18 നിറങ്ങള്‍ അഥവ പൂരമാലകള്‍ എന്നാണ് അറിയപ്പെടുന്നത്. കാമദേവന്റെ പുനര്‍ജനിക്കായി പൂവുകള്‍ കൊണ്ട് കാമവിഗ്രഹം നിര്‍മ്മിച്ച് പൂവിട്ട് നാരായണ സങ്കീര്‍ത്തനം ചെയ്ത് കളിച്ച കളികളാണത്രെ നിറങ്ങള്‍.


“നാരായണ... നാരായണ
വാസുദേവാ കൈതൊഴുന്നേന്‍
ആഴിയതില്‍ പള്ളികൊള്ളും
ആഴിമാതാ വാഴും ദേവന്‍.....

എന്നിങ്ങനെ അതീവ ഹൃദ്യമായ, അതിലളിതമായ പദവിന്യാസത്തോടെയാണ് ഒന്നാം നിറം പൂരമാല. വിവിധ രാഗങ്ങളിലും, ചടുലമായ ചുവടുവയ്പ്പുകളോടെ 18 നിറങ്ങളും കണ്ണിനും കാതിനും ഇമ്പം നല്‍കുന്നവയാണ്. 18 നിറങ്ങള്‍ കഴിഞ്ഞാല്‍ വന്‍ കളികള്‍ എന്നറിയപ്പെടുന്ന ഗണപതിപ്പാട്ട്, രാമായണം, ഇരട്ട, അങ്കം തുടങ്ങിയ കളികളാണ്. ഒടുവില്‍ അതാതു ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചുകൊണ്ട് “പൊലി, പൊലി, പൊലി” എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്. ഇന്നു സ്കൂള്‍ കലോത്സവവേദിയിലെ ഒരിനമായതുകൊണ്ട് കേരളീയര്‍ക്കു മുഴുവന്‍ സുപരിചിതമാണ് പൂരക്കളി.




photo courtesy: www.payyannur.com

Thursday, March 01, 2007

പൊട്ടന്‍ തെയ്യം (തോറ്റം)


ശ്രീ പരമേശ്വരന്‍ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണ് പൊട്ടന്‍ തെയ്യം. ഇതിവൃത്തം എല്ലാവര്‍ക്കും സുപരിചിതമായതു കൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നില്ല, പകരം പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ടിനെ ഏതാനും വരികള്‍ ഇവിടെ കൊടുക്കുകയാണ്. ശ്രീ.സി.എം.എസ്.ചന്തേര 1976ല്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് ഈ തോറ്റം. തോറ്റം പാട്ട് എന്താണെന്ന് മനസ്സിലാക്കാന്‍ ഇതുപകരിക്കുമെന്ന് കരുതുന്നു. ഒപ്പം ബ്രാഹ്മണവല്‍ക്കരണം തെയ്യങ്ങളില്‍ നടന്നുവെന്ന് മുത്തപ്പന്‍, രാജു ഇരിങ്ങല്‍ എന്നിവരുടെ അഭിപ്രായത്തെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തത കൈവരുമെന്നും പ്രതീക്ഷിക്കുന്നു. പൊട്ടന്‍ തെയ്യം മലയന്‍, പുലയന്‍, ചിറവന്‍, പാണന്‍ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്!!!! കണ്ടു നില്‍ക്കുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. കത്തുന്ന തീയില്‍ പൊട്ടന്‍ തെയ്യം കിടക്കുന്ന ചിത്രം താഴെ കാണാം. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്.


പൊലിക പൊലിക പൊലിക ജനമേ...
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ.......
മുപ്പത്ത് മൂന്ന് മരം നട്ട കാലം....
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം

തിരി തിരി തിരി തിരി തിരി തിരി പുലയാ....
വഴി തിരി തിരി തിരി കള്ളപ്പുലയാ......
തിരി തിരിയെന്ന് തിരിയാന്‍ പറഞാല്‍
തിരിവാനും പാരം വില്യുണ്ടെനിക്ക്,
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ....
നാന്‍ തന്ന തോണി കടന്നില്ലേ നിങ്കള്
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പോവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോനുങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോനുങ്കള്‍
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോനുങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പലിശയും എടുക്ക്വല്ലേനുങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെനുങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറങ്കേറി നിങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പൊമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!" :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
...........................................................
.............................................................
(ഫോട്ടോ കടപ്പാട്: www.kannurtourism.org)