Thursday, February 22, 2007

മുച്ചിലോട്ടു ഭഗവതി



അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി.

പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തില്‍ വച്ച് നടന്ന വാദ പ്രതിവാദത്തില്‍ പ്രഗത്ഭരെ തോല്‍പ്പിച്ചു. രസങ്ങളില്‍ വെച്ച് കാമരസവും, വേദനകളില്‍ പ്രസവവേദനയുമാണ് അനുഭവങ്ങളില്‍ മികച്ചതെന്നു സമര്‍ത്ഥിച്ച അവള്‍‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാന്‍ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തില്‍ പെട്ടയാള്‍) തീയിലേക്ക് എണ്ണ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകള്‍ കേട്ട് അമ്പരന്ന മുച്ചിലോടന്‍ എണ്ണ മുഴുവന്‍ തീയിലേക്കൊഴിച്ചു. അങ്ങിനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക് കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങിനെയാണ് ബ്രഹ്മണ കന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായത്രെ.

വാണിയ സമുദായക്കാര്‍ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.
മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.


(Photo courtesy: NIC, Kannur)

Sunday, February 04, 2007

കടവാങ്കോട്ട് മാക്കം (മാക്കപോതി)



നാത്തൂന്മാരുടെ അപവാദ പ്രചരണം കൊണ്ട് സ്വന്തം സഹോദരന്മാരാല്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു നായര്‍സ്ത്രീ തെയ്യമായി മാറിയ കഥയാണ് കടവാങ്കോട്ട് (കടങ്കോട്ട്) മാക്കം അഥവ മാക്കപ്പോതി.

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ കടവാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയമ്മക്ക് പന്ത്രണ്ട് ആണ്മക്കളായിരുന്നു. മരുമക്കത്തായ സമ്പ്രദായ പ്രകാരം തറവാട് വാഴാന്‍ പെണ്‍സന്തതി ഇല്ലാത്തതിനാല്‍ ദു:ഖിതയായ അവര്‍ 40 ദിവസം വ്രതമിരുന്നു. തുടര്‍ന്ന് ദൈവനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞ് ഉണ്ടായി.

“പത്തുമാസം പത്താം ദിവസം പത്ത് നാഴിക ചെല്ലുമ്പോള്‍
നൊന്ത് വിളിച്ച് പൊന്മകളെ പ്രസവം ചെയ്തു
അന്തിവെളിച്ചം ആദിത്യന്റെ ചെങ്കതിര്‍ പോലെ
പത്തര മാറ്റുള്ളൊരു തങ്കം പോലെ”

പന്ത്രണ്ട് ആങ്ങളമാര്‍ക്കും അരുമയായ അനുജത്തിക്ക് കുഞ്ഞിമാക്കം എന്നാണ് പേരു വിളിച്ചത്. യഥാകാലം അവളുടെ വിദ്യാഭ്യാസം നടന്നു. വയസ്സ് 12 തികഞ്ഞപ്പോള്‍ നാട്ടുനടപ്പനുസരിച്ച് മച്ചുനന്‍ കുട്ടി നമ്പര്‍ കുഞ്ഞിമാക്കത്തെ കല്ല്യാണം കഴിച്ചു. ആ ദമ്പതിമാര്‍ക്ക് ചന്തുവെന്നും, ചീരുവെന്നും പേരായി രണ്ട് മക്കള്‍ ജനിച്ചു.

മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മാക്കം കടവാങ്കോ‍ട്ട് തറവാട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. മാക്കത്തിന്റെ ആങ്ങളമാര്‍ കോലത്തിരിയുടെ പടനായകന്മാരായിരുന്നു. നേരിയോട്ട് സ്വരൂപവും കോലത്തിരിയും തമ്മില്‍ പടകുറിച്ചതിനാല്‍ പടനയിക്കുവാന്‍ മാക്കത്തിന്റെ സഹോദരന്മാര്‍ പോകേണ്ടതായി വന്നു. മാക്കം അവരെ വിലക്കി നോക്കി. തമ്പുരാന്റെ കല്‍പ്പനയായതിനാല്‍ പടക്കു പോകാതിരിക്കാന്‍ പറ്റില്ലല്ലോ.

സഹോദരന്മാര്‍ക്ക് മാക്കം ജീവനായിരുന്നുവെങ്കിലും നാത്തൂന്മാര്‍ക്ക് മാക്കത്തെ ഇഷ്ടമല്ലായിരുന്നു. നാത്തൂന്മര്‍ കുഞ്ഞിമാക്കത്തെ ചതിക്കുവാന്‍ സന്ദര്‍ഭം നോക്കിയിരിക്കുകയായിരുന്നു. അവര്‍ കൂടിയാലോചിച്ച് ഒരു ഗൂഢപദ്ധതിയുണ്ടാക്കി. വൈകുന്നേരം സ്ഥിരമായി തറവാട്ടില്‍ എണ്ണ കൊണ്ടു വരാറുള്ള വാണിയനെമ്മന്‍ എണ്ണ കൊണ്ടുവരുമ്പോള്‍ തങ്ങളാരും അവിടെ ഉണ്ടാകരുതെന്ന് അവര്‍ തീരുമാനിച്ചു. വാണിയനെമ്മന്‍ എണ്ണയുമായി വന്നപ്പോള്‍ അതെടുത്തു വയ്ക്കാന്‍ ആരും വന്നില്ല. മാക്കം ഋതുവായി അടുക്കളമൂലയില്‍ ഇരിക്കുകയായിരുന്നു. “എനിക്കു തൊട്ടുകൂടാ, എണ്ണ അകത്തേക്കു വെച്ചേക്കൂ” മാക്കം വിളിച്ചു പറഞ്ഞു. അവന്‍ എണ്ണ അകത്തുവച്ച് പുറത്തിറങ്ങുമ്പോഴേക്കും നാത്തൂന്മാരും വന്നു. അവര്‍ അങ്ങോട്ടുമിങ്ങോട്ടും പരിഹാസരൂപത്തില്‍ അര്‍ത്ഥം വച്ചു നോക്കി.

പട ജയിച്ചു വന്ന ഭര്‍ത്താക്കന്മാരെ അവര്‍ വഴിക്കു വച്ച് കണ്ട് എതിരേറ്റത് മാക്കത്തെക്കുറിച്ച് അപവാദം പറഞ്ഞുകൊണ്ടായിരുന്നു. അവര്‍ അതുകേട്ട് വിശ്വസിക്കുകയും ചെയ്തു. പേരു ദോഷം വരുത്തിയ സഹോദരിയെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. പട ജയിച്ചു വന്ന സഹോദരന്മാരെ മാക്കം തറവാട്ടിലമ്മയെന്ന നിലയില്‍ വിളക്കുവെച്ച് എതിരേല്‍ക്കാന്‍ ചെന്നപ്പോള്‍ സഹോദര്‍ന്മാര്‍ അവളെ വിലക്കി. ഇതില്‍ നിന്നും സംഗതിയുടെ ഗൌരവം മാക്കത്തിനു മനസ്സിലായി.

കോട്ടയം കാവിലെ പൂരവിളക്ക് കാണാനെന്ന വ്യാജേന അവര്‍ മാക്കത്തെയും രണ്ട് മക്കളെയും കൂട്ടി പുറപ്പെടാന്‍ ആവശ്യപ്പെട്ടു. ഇതിലെന്തോ ദുരുദ്ദേശമുണ്ടെന്ന് മനസ്സിലായ മാക്കം കുളിച്ച് കുടുംബ ദേവതയുടെ സ്ഥാനമായ പടിഞ്ഞാറ്റയകം തുറന്ന് വിളക്കു വച്ച് സത്യം മാലോകര്‍ക്ക് വെളിപ്പെടണമെന്ന് പ്രാര്‍ത്ഥിച്ചു യാത്ര പുറപ്പെട്ടു. വഴിക്കുവച്ച് മാടായിക്കാവിലമ്മ, അഗ്രശാല മാതാവായ ചെറുകുന്നിലമ്മ, കളരിവാതുക്കല ഭഗവതി, കടലായി കൃഷ്ണന്‍ തുടങ്ങി എല്ലാ ദൈവങ്ങളെയും, പരദേവതകളെയും പ്രാര്‍ത്ഥിച്ച് തന്റെ നിരപരാധിത്വം തെളിയിക്കണെമെന്ന് സത്യം ചെയ്തു.

നടന്ന് നടന്ന് ചാലയിലെത്തിയപ്പോള്‍ കുട്ടികള്‍ക്ക് ദാഹിച്ചു. സഹോദര്‍ന്മാരുടെ അനുവാദത്തോടെ ചാല പുതിയ വീട്ടില്‍ കയറി വെള്ളം ചോദിച്ചു. അവിടെ നിന്ന് കാച്ചി തണുത്ത പാലാണ് നല്‍കിയത്. “ഇതെന്റെ അവസാനത്തെ പാല്‍കുടിക്കലാണെന്ന്“ പറഞ്ഞ് മാക്കം തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണാഭരണം ആ വീട്ടമ്മയ്ക്ക് നല്‍കി.

വീണ്ടും നടന്ന് മമ്പറം കടവ് കടന്ന് കിഴക്കോട്ട് യാത്രയായി. യാത്ര തുടര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് വീണ്ടും ദാഹിച്ചു. ദാഹം തീര്‍ക്കുന്നതിനായി അയ്യങ്കരപ്പള്ളി (തച്ചങ്കരപള്ളി) യരികെയുള്ള കിണറ്റിനടുത്തെത്തി കുട്ടികള്‍ക്ക് വെള്ളമെടുത്തു കൊടുത്തു. “നട്ടുച്ചക്ക് നക്ഷത്രമുദിച്ചത് കണ്ട്വോ മാക്കേ” എന്ന് സഹോദരന്മാര്‍ ചോദിച്ചു. അവള്‍ തലയുയര്‍ത്തി നോക്കിയ തഞ്ചം നോക്കി ചുരികയൂരി മാക്കത്തിന്റെയും മക്കളായ ചാത്തുവിന്റെയും, ചീരുവിന്റെയും തലയറുത്ത് ആ കിണറ്റില്‍ തള്ളി. ആടുത്തുള്ള കാട്ടില്‍ നിന്നും മുളവെട്ടിക്കൊണ്ടിരുന്ന മാവിലന്‍ ഈ ക്രൂരകൃത്യം കണ്ടു നിലവിളിച്ചു. അവര്‍ അവനെയും തങ്ങളുടെ വാളിന്നിരയാക്കി. താമസിയാതെ സഹോദരന്മാര്‍ തമ്മില്‍ കലഹിച്ച് തന്നത്താന്‍ മറന്ന് വാള്‍വീശി കൊത്തിമുറിച്ച് മരിച്ചു. ഏഷണി പറഞ്ഞ് നടന്ന നാത്തൂന്മാര്‍ ചിത്തഭ്രമം വന്നു മരണമടഞ്ഞു.



മാക്കത്തിന്റെ പ്രാര്‍ത്ഥനപോലെ കടവാങ്കോട്ട് തറവാട്ടിനു തീപിടിച്ചു. കുടും‌ബദേവതയായ വീര ചാമുണ്ഡിയുടെ കൊട്ടിലകം മാത്രം കത്തി നശിച്ചില്ല. ഒടുവില്‍ മാലോകര്‍ക്ക് മാക്കത്തിന്റെ നിരപരാധിത്വം വെളിപ്പെട്ടു. അവര്‍ മാക്കത്തെ ദേവതയായികണ്ട് കോലം കല്‍പ്പിച്ച് കെട്ടിയാടിച്ചു. അങ്ങിനെ കെട്ടിയാടിച്ചപ്പോള്‍ മാക്കത്തിന്റെ കൂടെ കൊല്ലപ്പെട്ട മക്കളായ ചാത്തുവിനും, ചീരുവിനും, മാവിലനും കോലമുണ്ടായി. കരുണാരസ പ്രധാനമായ് ഈ ദു:ഖാന്ത കഥ കോലത്തു നാട്ടിലെ ജനങ്ങളെ ഒന്നടങ്കം ആകര്‍ഷിച്ച പുരാവൃത്തമാണ്. സന്താന ലബ്ധിക്കുവേണ്ടി മാക്കപ്പോതി കെട്ടിയാടിക്കാമെന്ന് പ്രാര്‍ത്ഥിക്കുക കോലത്തുനാട്ടിലെ പതിവാണ്.
(ഫോട്ടോ: മനോരമ)