Tuesday, January 30, 2007

കതിവനൂര്‍ വീരന്‍ - പുരാവൃത്തം ഭാഗം 2

തന്റെ ഭാര്യ സ്വബോധത്തോടെയല്ല അപ്രകാരം പറഞ്ഞതെന്നും, ഇതെല്ലാം ദൈവത്തിന്റെ കളിയാണെന്നും വിശ്വസിച്ച്‌ മന്ദപ്പന്‍ കച്ചകെട്ടി ആയുധവുമായി പടക്കളത്തിലേക്ക്‌ കുതിച്ചു.

ആയുധവുമായി പടക്കളത്തിലേക്ക്‌ വന്ന മന്ദപ്പനെകണ്ട്‌ കുടകര്‍ ഭയക്കുകയും അങ്കത്തില്‍ കുടകരുടെ പട പരാജയപ്പെടുകയും ചെയ്തു. പട തീര്‍ന്ന് പടക്കളത്തില്‍ നില്‍ക്കുമ്പോഴാണ്‌ തന്റെ പീഠമോതിരവും ചെറുവിരലും നഷ്ടപ്പെട്ടുവെന്നത്‌ മന്ദപ്പന്‌ മനസ്സിലായത്‌. ഇങ്ങനെ അംഗഭംഗം വന്ന് നിലയില്‍ വീട്ടിലെത്തിയാല്‍ ചെമ്മരത്തിയുടെ നിന്ദക്കു പാത്രീഭവിക്കുമെന്നതിനാല്‍ മരിക്കുന്നതാണിനി നല്ലതെന്ന് അവന്‍ കരുതി. പരജയപ്പെട്ട കുടകരുടെ പട കാട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്നും, ആ കള്ളപ്പടയുടെ മുന്നില്‍ ചെന്ന് പെടനാണ്‌ ഉദ്ദേശിക്കുന്നതെന്നും ചങ്ങാതിമാരെ അറിയിച്ചു. മനപ്പൂര്‍വ്വം ആയുധമെടുക്കതെ ചങ്ങാതിമാരുടെ തടസ്സവാദങ്ങള്‍ മാനിക്കതെ മന്ദപ്പന്‍ യാത്രയായി.
പ്രതീക്ഷിച്ചതുപോലെ കുടകരുടെ കള്ളപ്പട മാരിപോലെ അമ്പെയ്ത്‌ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി.മന്ദപ്പന്റെ അന്ത്യത്തെക്കുറിച്ചറിഞ്ഞ അമ്മാവനും ചെമ്മരത്തിയും പടക്കളത്തിലെത്തി തുണ്ടം തുണ്ടമായ ശരീര ഭാഗങ്ങള്‍ ചേര്‍ത്തു വച്ചു ചിതയൊരുക്കി.

മന്ദപ്പനെ ദഹിപ്പിച്ചുകൊണ്ടിരിക്കെ "ഉച്ചിയെലെന്തൊരു വെള്ളിനക്ഷത്രം കാണുന്നു"വെന്ന് ചെമ്മരത്തി ചോദിക്കുകയും, എല്ലാവരും ആകാശത്ത്‌ നോക്കുന്നനേരത്ത്‌ ആ പതിവ്രതാരത്നം ചിതയില്‍ച്ചാടി (ഉടന്തടി) മരിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ്‌ തിരിച്ചു വന്താര്‍മുടിപ്പുഴയില്‍ കുളിക്കുമ്പോള്‍ മന്ദപ്പനും ചെമ്മരത്തിയും മേലെക്കടവില്‍ നിന്ന് കുളിക്കുന്നതായി അമ്മാവന്റെ മകന്‍ അണ്ണൂക്കന്‍ കണ്ട്‌ ഓടിച്ചെന്നു നോക്കിയപ്പോള്‍ കല്ലും പുല്ലും ഭൂമിയും നനഞ്ഞതായി കണ്ടതല്ലാതെ അവരെ കാണന്‍ കഴിഞ്ഞില്ല.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തേന്‍ കദളിവാഴ വിറക്കുന്നു. അതിന്മേലായിരുന്നു പീഠമോതിരമണിഞ്ഞ ചെറുവിരല്‍ ചെന്നു വീണിരുന്നത്‌. അണ്ണൂക്കന്‍ അതില്‍ തൊട്ടപ്പോള്‍ അവന്റെമേല്‍ മന്ദപ്പന്റെ ചൈതന്യം ആവേശിച്ച്‌ വെളിപ്പെട്ടു.

"മരിച്ചിനെന്നു ഭാവിക്കേണ്ട നിങ്ങളെന്റെ നേരമ്മോമ
മരിച്ചിനെന്നിട്ട്‌ ഏഴും പതിമൂന്നും വേണ്ടെനിക്ക്‌
അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം
പാര്‍കോഴി മധുകലശം കട്ടിയപ്പം കരിങ്കലശം
പൊറത്ത്‌ ചങ്ങാതികള്‍ക്കും കൊടുത്താല്‍ മതി..."

എന്ന അരുളപ്പാടുണ്ടാകുകയും, തെയ്യം കെട്ടേണ്ട ആളിനെ നിശ്ചയിക്കുകയും, അണ്ണൂക്കന്‍ തന്നെ കോമരത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. തെയ്യം കെട്ടി പുറപ്പെട്ടപ്പോള്‍ അമ്മാവന്‍ അരിയെറിഞ്ഞ്‌ കതിവനൂര്‍ വീരാ എന്നു വിളിച്ചു. അങ്ങിനെയാണ്‌ മന്ദപ്പന്‍ കതിവനൂര്‍ വീരനായത്‌.


മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കതിവനൂര്‍ വീരന്റെ തോറ്റം കരളലിയിക്കുന്ന ഗാനധാരയാണ്‌. വാഴപ്പോളകൊണ്ട്‌ തയ്യാറാക്കിയ തറയ്ക്കു ചുറ്റുമാണ്‌ കതിവനൂര്‍ വീരന്‍ തെയ്യം തന്റെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കുക പതിവ്‌. ഈ തറ ചെമ്മരത്തിയാണെന്നാണ്‌ സങ്കല്‍പ്പം. സാധരണ കെട്ടിയാടിക്കുന്നതിനു പുറമെ നേര്‍ച്ചയായി ഉദ്ദിഷ്ട കാര്യ സിദ്ധിക്കും, ആപത്മോചനത്തിനുമായുള്ള വഴിപാടായും ഈ തെയ്യം കെട്ടിയാടിക്കാറുണ്ട്‌.

Friday, January 26, 2007

കതിവനൂര്‍ വീരന്‍ - പുരാവൃത്തം ഭാഗം 1


ശ്രദ്ധേയമായ പുരാവൃത്തമുള്ള ഒരു തെയ്യമാണ്‌ കതിവനൂര്‍ വീരന്‍. വീര പരാക്രമിയായ മന്ദപ്പന്റെ അത്യന്തം സാഹസപൂര്‍ണ്ണവും, ദുരന്തപര്യവസായിയുമായ ജീവിത കഥയാണ്‌ കതിവനൂര്‍ വീരന്റേത്‌. കതിവനൂര്‍ വീരന്‍ കതുവനൂര്‍ വീരന്‍, കതിനൂര്‍ വീരന്‍ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു.

തളിപ്പറമ്പിനടുത്തുള്ള മാങ്ങാട്ട്‌ ദേശത്ത്‌ (ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം) പ്രശസ്തമായ ഒരു തീയ്യ കുടുംബത്തില്‍ കുമരച്ചന്റെയും, ചക്കിയുടെയും മകനായി മന്ദപ്പന്‍ ജനിച്ചു. അക്ഷര വിദ്യയും ആയുധ വിദ്യയും യഥാകാലം അഭ്യസിച്ച അവന്‍ "ഒറ്റയും, കുറിയും" എന്ന വിനോദം പ്രായമേറെ ആയിട്ടും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ചങ്ങാതിമാരൊത്ത്‌ കളിച്ചു നടക്കുകയല്ലാതെ യതൊരു വിധത്തിലുള്ള ജോലിയും അവന്‍ ചെയ്യാറില്ലായിരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ മാത്രം വരാറുള്ള മകന്റെ സ്വഭാവത്തില്‍ പിതാവ്‌ ദുഖിതനായിരുന്നു. ഒരു ദിവസം പണി ചെയ്യണമെന്ന പിതാവിന്റെ ഉപദേശമനുസരിക്കാതെ കളിക്കാന്‍ പോയതിനാല്‍ മേലില്‍ മന്ദപ്പന്‌ ചോറു നല്‍കരുതെന്ന് അമ്മയെ വിലക്കി. കളി കഴിഞ്ഞ്‌ ഉച്ചക്കു വീട്ടിലെത്തി ഭക്ഷണത്തിന്‌ ചെന്നിരുന്നപ്പോഴാണ്‌ പിതാവ്‌ ഭക്ഷണം വിലക്കിയ വിവരം മന്ദപ്പന്‍ അറിഞ്ഞത്‌. മകന്റെ വാക്കുകേട്ട്‌ മനസ്സലിഞ്ഞ അമ്മ ചോറുവിളമ്പിയെങ്കിലും, കുമരച്ചന്‍ അതു കണ്ടു പിടിച്ചു. രോഷകുലനായ പിതാവ്‌ മന്ദപ്പന്റെ കളി ആയുധമായ വില്ലെടുത്ത്‌ ചവിട്ടിപ്പൊളിച്ചു ചാടി (എറിഞ്ഞു) കളഞ്ഞു. ആയുധം നശിപ്പിച്ചത്‌ മന്ദപ്പന്‌ സഹിക്കാനായില്ല. ഇനി ആ വീട്ടില്‍ ഇരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത്‌ വീടു വിട്ടിറങ്ങിയ മന്ദപ്പന്‍ കൂട്ടുകാരുടെ കൂടെ കുടകു മലയില്‍ കച്ചവടത്തിനു പോകുവാന്‍ തീരുമാനിച്ചു.

മാതാപിതാക്കളോട്‌ പിണങ്ങി വന്ന മന്ദപ്പനെ കൂട്ടുവാന്‍ കൂട്ടുകാര്‍ക്കു താല്‍പ്പര്യമില്ലാത്തതിനാല്‍, യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ ഉല്ലസിക്കുവാനെന്ന മട്ടില്‍ മദ്യം കുടിപ്പിച്ച്‌ ഉറക്കിക്കിടത്തി. മത്ത്‌ വിട്ടുണര്‍ന്നപ്പോള്‍ ചങ്ങാതിമാര്‍ ചതിച്ചെന്നു മനസ്സിലാക്കിയ മന്ദപ്പന്‍ രണ്ടും കല്‍പ്പിച്ച്‌ പരദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ മാറപ്പെടുത്ത്‌ ഏഴിനും മീത്തലേക്ക്‌ (കുടകുമല) യാത്ര തിരിച്ച്‌ കതിവനൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേരുകയും അമ്മാവനും അമ്മായിയും അവനെ സ്വീകരിക്കുകയും ചെയ്തു. അമ്മവന്‍ സ്വന്തം സ്ഥലത്തിന്റെ പകുതി മന്ദപ്പനു നല്‍കുകയും അവന്‍ ആ സ്ഥലത്ത്‌ അസൂയവഹമായ രീതിയില്‍ വിളവെടുക്കുകയും ചെയ്തു. കൂടുതല്‍ ധനം സമ്പാദിക്കണമെന്ന അമ്മായിയുടെ നിര്‍ദ്ദേശപ്രകാരം എള്ള്‌ വാങ്ങി ആട്ടി എണ്ണയെടുത്ത്‌ കുടകുമലകളിലെല്ലാം വിറ്റ്‌ ധാരളം പണവും സമ്പാദിച്ചു. മന്ദപ്പന്റെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ മുത്താര്‍മുടി കുടകര്‍ പടയൊരുക്കം നടത്തുന്നതിനാല്‍ സുഹൃത്തിക്കളുടെ ഉപദേശപ്രകാരം മന്ദപ്പന്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചു.

ഒരു ദിവസം വേളങ്കോട്ട്‌ പുഴയരികിലൂടെ യാത്ര ചെയ്യുമ്പോള്‍ നീരാടുന്ന സുന്ദരിയായ ചെമ്മരത്തിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അമ്മാവന്‍ എതിര്‍ത്തെങ്കിലും മന്ദപ്പന്‍ ചെമ്മരത്തിയെ വിവാഹം ചെയ്തു. തുടര്‍ന്നു ഭാര്യാഗൃഹത്തില്‍ താമസമാക്കിയ മന്ദപ്പന്‍ എണ്ണ വില്‍പ്പന തുടര്‍ന്നു. ഒരു ദിവസം എണ്ണ വിറ്റ പണവും കൊണ്ട്‌ ഇരുട്ടുന്നതിനു മുമ്പെ വീട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ മന്ദപ്പന്‌ കുടകരുടെ വഴിയമ്പലത്തില്‍ തങ്ങേണ്ടി വന്നു. പിറ്റേന്ന് വീട്ടിലെത്തിയ മന്ദപ്പനെ ചെമ്മരത്തി ബഹുമാനിച്ചില്ലെന്നു മാത്രമല്ല നല്‍കിയ ചോറില്‍ കല്ലും, തലനാരും (മുടി) കാണുകയും ചെയ്തു. ഊണ് കഴിക്കുന്നതിനിടെ കുടകരുടെ പടവിളി കേട്ടതിനാല്‍ ഊണുകഴിക്കാതെ പടയ്ക്കായി പുറപ്പെട്ടപ്പോള്‍ ദുശ്ശകുനങ്ങള്‍ കാണുകയും ചെയ്തു. പടയ്ക്കു പുറപ്പെട്ട മന്ദപ്പനെ തുണ്ടം തുണ്ടമായി പോകട്ടെയെന്നു ശപിച്ചുകൊണ്ടാണ്‌ ചെമ്മരത്തി യാത്രയാക്കിയത്‌. .............(തുടരും)

Friday, January 12, 2007

വിഷ്ണു മൂര്‍ത്തിയുടെ പുരാവൃത്തം

കാസര്‍ഗോഡ്‌ ജില്ലയിലെ നീലേശ്വരത്തെ കുറുവാടന്‍ തറവാട്ടിലെ കാരണവരായ കുറുപ്പിന്റെ പശുക്കളെ മേക്കുന്നവനായിരുന്നു കണ്ണന്‍. കണ്ണന്‍ ഒരു ദിവസം മാവിന്‍ കൊമ്പിലിരുന്നു മാങ്ങ തിന്നുമ്പോള്‍ അതു വഴി പോയ കുറുപ്പിന്റെ അനന്തിരവളുടെ ദേഹത്ത്‌ മാങ്ങയുടെ അണ്ടി വീണുപോയി. കുപിതയായ അനന്തരവള്‍ അമ്മാവനോട്‌ പരാതി പറയുകയും, കോപിച്ച കുറുപ്പ്‌ കണ്ണനെ നാടു കടത്തുകയും ചെയ്തു.

മംഗലാപുരത്തെത്തിയ കണ്ണന്‍ വൃദ്ധയായ, കൃഷ്ണ ഭക്തയായ ഒരു തുളു സ്ത്രീയെ കാണുകയും അവര്‍ അഭയം നല്‍കുകയും ചെയ്തു. അവര്‍ കണ്ണന്‌ പുരാണ കഥകള്‍ (വിഷ്ണുവിന്റെയും, കൃഷ്ണന്റെയും) പറഞ്ഞു കൊടുക്കുകയും ക്രമേണ അവന്‍ കൃഷ്ണ ഭക്തനാവുകയും ചെയ്തു. കുറെ കാലം കഴിഞ്ഞപ്പോള്‍ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കണ്ണനില്‍ ഉണരുകയും, വൃദ്ധയുടെ സമ്മതത്തോടെയല്ലാതെ നാട്ടിലേക്ക്‌ യാത്രതിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യാത്ര തിരിക്കുമ്പോള്‍ വൃദ്ധ ഒരു ചുരികയും കുടയും സമ്മാനിച്ച്‌ അനുഗ്രഹിച്ചു.കണ്ണന്‍ നീലേശ്വരത്ത്‌ എത്തി താമരക്കുളത്തില്‍ കുളിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ കുറുപ്പ്‌ ഉറുമിയുമായി അവിടെ എത്തി കണ്ണന്റെ തലയറുത്തു. താമരക്കുളം ഒരു ചോരക്കുളമായി മാറി.

പിന്നീട്‌ കുറുപ്പിന്റെ തറവാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. നാടു നീളെ പകര്‍ച്ചവ്യാധി പടര്‍ന്നു, കന്നുകാലികള്‍ ചത്തൊടുങ്ങി. പേടിച്ചുപോയ കുറുപ്പ്‌ ദൈവജ്ഞനെകൊണ്ട്‌ പ്രശ്നം വെപ്പിച്ചു നോക്കി. കൃഷ്ണ ഭക്തനായ കണ്ണനെ വധിച്ചതില്‍ ദൈവകോപമുണ്ടെന്നും, ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മുച്ചൂടും മുടിയുമെന്നും വെളിപ്പെട്ടു. തുടര്‍ന്ന് ചെയ്തുപോയ അപരാധത്തിന്‌ മാപ്പായി കണ്ണന്‌ ഒരു കോലം കല്‍പ്പിച്ച്‌ കെട്ടി സമര്‍പ്പിക്കാമെന്ന് പ്രാര്‍ത്ഥിക്കുകയും, വീണ്ടും പ്രശ്നം വച്ചപ്പോള്‍ ദൈവം സംപ്രീതനായതായും തെളിയുകയും ചെയ്തു. അങ്ങിനെയാണ്‌ വിഷ്ണുമൂര്‍ത്തി തെയ്യം ഉണ്ടായതെന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും, കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്‍പ്പിച്ചു വരുന്നുണ്ട്‌.

Tuesday, January 09, 2007

കോലത്ത്‌ നാട്‌

കേരളത്തില്‍ അനുഷ്ഠാനമായി തെയ്യം കെട്ടിയാടിവരുന്നത് വടക്കെ മലബാര്‍ (കോലത്ത് നാട്) പ്രദേശത്താണ്. തെയ്യത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനു മുമ്പ് കോലത്തു നാടിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

വടക്കു കാസര്‍കോട്‌ മുതല്‍ തെക്ക്‌ കോരപ്പുഴവരെയും കിഴക്ക്‌ കുടകു മല മുതല്‍ പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയും വ്യാപ്തിയുണ്ടായിരുന്നു കോലത്ത്‌ നാട്ടിന്‌. മൂഷക രാജ്യം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം 14ആം നൂറ്റാണ്ട്‌ മുതലാണത്രെ കോലത്ത്‌ നാടെന്നറിയപ്പെടാന്‍ തുടങ്ങിയത്‌. കോലത്തുനാട്ടിലെ രാജാക്കന്മാരാണ്‌ കോലത്തിരി. കോലത്ത്‌ നാട്ടില്‍ എണ്ണമറ്റ നാടന്‍ കലാരൂപങ്ങള്‍, നാടന്‍ പാട്ടുകള്‍, മതപരവും മാന്ത്രികവുമായ വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധന രീതികള്‍ എന്നിവ പലതും ഉണ്ടായിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

ഒരു പ്രത്യേക സ്ഥലത്തെ (ഗ്രാമത്തിലെ) പ്രദേശത്തെ തെയ്യം കെട്ടാനും, ആചാരങ്ങള്‍ അനുഷ്ഠിക്കാനും ജന്മാരിക്ക്‌ (അധികാരപ്പെട്ട ആള്‍) മാത്രമെ അധികാരമുള്ളൂ. ഈ അധികാരത്തെ ചെറുജന്മാവകാശം എന്നാണ്‌ പറയുന്നത്‌. ചില അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമെ മറ്റു ദേശങ്ങളിലുള്ളവര്‍ തെയ്യം കെട്ടേണ്ടി വരുമ്പോള്‍ ജന്മാരിയുടെ സമ്മതം വാങ്ങി മാത്രമെ അത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന വിവിധ ജാതിയില്‍പെട്ട വിദഗ്ധര്‍ക്കു കോലത്തിരി സ്ഥാനപ്പേരുകളും ബഹുമതികളും നല്‍കി വന്നിരുന്നു. തെയ്യം കെട്ടി പ്രഗത്ഭ്യം തെളിയിച്ച 'മലയന്‌' പണിക്കര്‍ എന്നും, 'വണ്ണാന്‌' പെരുവണ്ണാന്‍ എന്നുമാണ്‌ സ്ഥാനപ്പേരുകള്‍. മലയന്‍ തീച്ചാമുണ്ടി തെയ്യം കെട്ടി നൂറിലേറെ തവണ മേലേരി (തീക്കൂന)യില്‍ വീണും,വണ്ണാന്‍ തീപ്പന്തങ്ങളേറ്റിയ പുതിയ ഭഗവതി തെയ്യം കെട്ടിയും തങ്ങളുടെ അഭ്യാസപാടവം തെളിയിച്ചാലുമാണ്‌ പട്ടും വളയും നല്‍കി അവരെ പണിക്കര്‍ എന്നും, പെരുവണ്ണാന്‍ എന്നും കോലത്തിരിയോ, അദ്ദേഹത്തിന്റെ പ്രതിനിധികളോ ആണ്‌ സ്ഥാനം നല്‍കി ആദരിക്കാറ്‌ പതിവ്‌.

കോലത്ത്‌ നാട്‌ ചരിത്രപരമായും, സാംസ്ക്കാരികപരമായും കേരളത്തിലെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന പ്രദേശമാണ്‌. കോലത്തിരിയുടെ കീഴില്‍ ഇവിടെ അനുഷ്ഠാനങ്ങളും നാടോടി കലകളും തഴച്ചു പടര്‍ന്നു. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവരെ പരസ്പരം ഏകോപിപ്പിക്കുന്നതിന്‌ പ്രദേശിക ഉത്സവങ്ങളും (കളിയാട്ടം ഉല്‍പ്പെടെ) ആഘോഷങ്ങളും പ്രധാന കണ്ണിയായി വര്‍ത്തിച്ചിരുന്നു.സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ (മലയര്‍, വണ്ണാന്‍ തുടങ്ങിയ ദളിതര്‍) ദൈവക്കോലങ്ങളായി ഏറ്റവും ഉന്നതരെയടക്കം അനുഗ്രഹിക്കുന്നത്‌ ഈ നാടിന്റെ സവിശേഷതയത്രെ. കാവുകള്‍, മുണ്ട്യ, സ്ഥാനം, കൂലോം തുടങ്ങിയ സ്ഥലങ്ങളിലും, കൊയ്ത്തിനു ശേഷമുള്ള വയലുകളിലുമാണ്‌ സാധാരണയായി തെയ്യം കെട്ടിയാടുന്നത്‌. ജാതി സമ്പ്രദായം കൊടികുത്തി വാണ സമയത്തു പോലും ഉയര്‍ന്ന ജാതിക്കാരുടെ വീടികളില്‍ കയറി ചെല്ലാനുള്ള അവകാശം മേല്‍ പറഞ്ഞവര്‍ക്കുണ്ടായിരുന്നു. ഇതുകൊണ്ടു തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും, രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അവര്‍ക്കുണ്ടായ ക്രിയാത്മകമായ പങ്കാളിത്തവും അനുഷ്ഠാനപരമായ പദവിയും കോലത്തു നാടിന്റെ (വടക്കെ മലബാറിന്റെ) പ്രത്യേകതയാണെന്നതില്‍ സംശയമില്ല.

Monday, January 01, 2007

വിഷ്ണുമൂര്‍ത്തി



വിഷ്ണുമൂര്‍ത്തിയെന്നും പരദേവത എന്നും അറിയപ്പെടുന്ന ഈ തെയ്യം മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. തെയ്യം കെട്ടിയാടാറുള്ള മിക്ക കാവുകളിലും പള്ളിയറകളിലും വിഷ്ണുമൂര്‍ത്തി തെയ്യക്കോലമുണ്ടാകാറുണ്ട്. മലയ സമുദായക്കാരാണ് കൂടുതലായി വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടാറുള്ളത്. രാത്രി തെയ്യത്തിന്റ് ഉല്പത്തിയെകുറിച്ചുള്ള തോറ്റം പാട്ടോടുകൂടിയുള്ള വെള്ളാട്ടവും പകല്‍ തെയ്യക്കോലവുമാണ് ഉണ്ടാകാറുള്ളത്.