Monday, November 19, 2007

മാപ്പിള തെയ്യങ്ങള്‍



ഓരോ തെയ്യത്തിനും തനതായ പുരാവൃത്തമുണ്ട്. ഇത്തരം പുരാവൃത്തങ്ങളില്‍ മാപ്പിളകഥാപാത്രങ്ങളും ഉണ്ടായിരുന്നുവെന്നത് വളരെ അത്ഭുതകരമായി തോന്നാം. ആലിച്ചാമുണ്ഡി, ആര്യപ്പൂങ്കന്നി എന്നീ തെയ്യങ്ങള്‍ മാപ്പിള സമുദായക്കാരാണത്രെ. കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ പുരാവൃത്തത്തിലും മാപ്പിള കഥാപാത്രങ്ങളെ കാണാം.

ഉഗ്രമാന്ത്രികനായിരുന്ന ആലിയെ നാട്ടുകാര്‍ ചതിച്ചു കൊന്നുവെന്നും, അതിനുശേഷം നാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടുതുടങ്ങിയെന്നും, അതേതുടര്‍ന്ന മാന്ത്രികനായ ആലിക്ക് കോലം കല്‍പ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്. ആര്യപ്പൂങ്കന്നി ഭഗവതി മരക്കലത്തില്‍ വന്ന മുസ്ലീം കന്യകയാണെന്നാണ് വിശ്വസിക്കുന്നത്. ഈ തെയ്യത്തിന്റെ പുറപ്പാട് പര്‍ദ്ദപോലെയുള്ള തുണി ധരിച്ചാണ്. ഭഗവതിയെ കൊണ്ടുവന്ന കപ്പിത്താനാണ് ബപ്പൂരാന്‍. ബപ്പൂരാനും മാപ്പിള സമുദായത്തില്‍ പെട്ടയാളത്രെ. അണ്ടലൂര്‍ കാവിലെ ബപ്പൂരാനല്ല, ആ ബപ്പുരാന്‍ ഹനുമാന്‍ ആണെന്നാണ് വിശ്വാസം.


ചില തെയ്യക്കോലങ്ങളുടെ ഒപ്പം മാപ്പിളപൊറാട്ടും പതിവുള്ളതാണ്




കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ ഇതിവൃത്തവും ഒരു മാപ്പിളകുടുംബവുമായി ബന്ധപ്പെട്ടതാണ്. പായ്യത്തുമലയില്‍ താമസിച്ചിരുന്ന ഒരു മാപ്പിളയുടെ ഭാര്യക്ക് പേറ്റുനോവുണ്ടാവുകയും, പോറ്റിച്ചിയെ തേടി പോയപ്പോള്‍ കാട്ടില്‍ വെച്ച് കണ്ടു മുട്ടിയ സുന്ദരി പേറെടുക്കാന്‍ തയ്യാറായി കൂടെ വരികയും ചെയ്തു. എന്നാല്‍ സമയമേറെ കഴിഞ്ഞിട്ടും ഈറ്റില്ലത്തില്‍ നിന്നും യാതൊരു ശബ്ദവും കേള്‍ക്കാത്തതിനാല്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ചോരവാര്‍ന്നു മരിച്ചുകിടക്കുന്ന പ്രിയതമയെയാണ്. ഉടന്‍ കയ്യില്‍ കിട്ടിയ ഉലക്കയുമായി പോറ്റിച്ചിയെ തേടി കാട്ടില്‍ പോവുകയപ്പോള്‍ വള്ളിയിലിരുന്നാടുന്ന സുന്ദരിയെയാണ്. തന്റെ കോപം തീര്‍ക്കാന്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചപ്പോള്‍ നടുവൊടിയുകയും ആ സുന്ദരി ഭയങ്കര രൂപം പ്രാപിച്ച് മാപ്പിളയെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ആ കാട്ടുമൂര്‍ത്തിയാണ് കരിഞ്ചാമുണ്ഡി. പണ്ടുകാലത്ത് ഈ തെയ്യം മാപ്പിളമാരും, സ്ത്രീകളും കാണാറില്ലായിരുന്നു. തെയ്യങ്ങള്‍ ഓരോരോ സമുദായക്കാരെയും അഭിസംബോധന ചെയ്യുന്നത് പ്രത്യേക നാമത്തിലാണ്. ഉയര്‍ന്ന സമുദായക്കാരായ നായന്മാര്‍ അകമ്പടികളാണെങ്കില്‍, തീയ്യര്‍ എട്ടില്ലം കരുമനയും, മാപ്പിളമാര്‍ മാടായി നഗരവുമാണ്.

ഇപ്പോഴും തെയ്യം കാണാന്‍ വരുന്ന മാപ്പിളമാരോട് ഉരിയാടുന്നത് ഇപ്രകാരമത്രെ.

“ചേരമാന്‍ പെരുമാള് കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടിക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ്നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാര് കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി.. ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലെ എന്റെ മാടായി നഗരേ??“

ഏകദൈവ വിശ്വാസികളായ മാപ്പിളമാര്‍ തെയ്യങ്ങളെ ആരാധിക്കാറില്ലെങ്കിലും, ഗ്രാമോത്സവമായ കളിയാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു പോന്നിരുന്നു. മുന്‍‌കാലങ്ങളില്‍ നില നിന്നിരുന്ന ജാതി മതങ്ങള്‍ക്കതീതമായ വിശ്വാസങ്ങളുടെയും, കൂട്ടായ്മയുടെയും ഉത്തമോദാഹരണമായി ഇതിനെ കാണാം.

ഫോട്ടോ: മാപ്പിളപൊറാട്ട്, ഫോട്ടോഗ്രാഫര്‍: പ്രസാദ്

റഫ: കളിയാട്ടം, സി.എം.എസ്.ചന്തേര

17 comments:

കണ്ണൂരാന്‍ - KANNURAN said...

തുലാ മാസം പിറന്നതോടെ കാവുകള്‍ ഉണര്‍ന്നു, കോലത്തു നാട്ടിലും, അള്ളടം നാ‍ട്ടിലും തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടാന്‍ തുടങ്ങി. ഇനി പെരുങ്കളിയാട്ടങ്ങളുടെ നാളുകള്‍. തെയ്യങ്ങളില്‍ മാപ്പിള തെയ്യങ്ങളുമുണ്ട്. അവയെക്കുറിച്ച്...

പേര്.. പേരക്ക!! said...

തെയ്യങ്ങള്‍ കുറെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരറിവ് ആദ്യമായാണ്. നന്ദി

ബാബുരാജ് said...

തികച്ചും പുതിയ അറിവ്. നന്ദി.

vimathan said...

കണ്ണൂരാന്‍, നന്ദി. വയനാട്ട് കുലവന്‍ തെയ്യം കെട്ടിയാടുന്നതിനെ കുറിച്ച് എഴുതാമോ?

Vish..! | ആലപ്പുഴക്കാരന്‍ said...

:0 ഇങനേയും ഒരു ഐറ്റമോ? ..



--
mckaxplu - the word veri..

നിഷ്ക്കളങ്കന്‍ said...

മാപ്പിളത്തെയ്യമെന്നൊരു പേരു കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഉത്ഭവവും ചടങ്ങും മനസ്സിലാക്കാന്‍ സാധിച്ചു. ന‌ല്ല പോസ്റ്റ്

ശ്രീലാല്‍ said...

വളരെ നന്നായി എഴുതിയത്. കഥയെപ്പറ്റി ചെറിയ ഒരു ഐഡിയയെ ഉണ്ടായിരുന്നുള്ളൂ ഇതുവരെ. ഏതൊക്കെ സ്ഥലത്താണ്/കാവുകളിലാണ് മാപ്പിളത്തെയ്യങ്ങള്‍ ഉള്ളത്.. ? ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും പോസ്റ്റൂ.

താരാപഥം said...

ഇത്‌ എനിക്കും ഒരു പുതിയ അറിവാണ്‌. സാമുദായിക സൗഹൃദവും ബഹുമാനവും വളര്‍ത്താന്‍വേണ്ടിയുള്ള പല ഉദാഹരണങ്ങളും നമ്മുടെ നാട്ടിലുണ്ട്‌.
ശബരിമല അയ്യപ്പന്‍ എന്ന കലിയുഗ ദൈവത്തിന്റെ സന്തതസഹചാരി 'വാവര്‍' ഒരു മുസ്ലീം ആയത്‌, ജാതിമത വിശ്വാസങ്ങള്‍ പലതാണെങ്കിലും മനുഷ്യന്‍ ഒന്നാണെന്ന സത്യം മനസ്സിലാക്കുവാനല്ലെ. വൈകുന്നേരം എണ്ണവിളക്ക്‌ കത്തിക്കുന്ന നിരവധി മുസ്ലീം കുടുബങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്‌. അനിസ്ലാമികമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും.

വാല്‍മീകി said...

പുതിയ അറിവാണ്‌. നന്ദി.

മയൂര said...

ഇങ്ങനെയൊരറിവ് പകര്‍ന്നതിനു നന്ദി :)

Pramod.KM said...

മാപ്പിളത്തെയ്യങ്ങളെക്കുറിച്ച് കേട്ടിരുന്നെങ്കിലും കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. മാപ്പിളമാരോട് തെയ്യം വാശാലു പറയുന്നത് ഇതു വരെ കേട്ടിട്ടുമുണ്ടായിരുന്നില്ല. മലബാറിന്റെ ചരിത്രം മുഴുവന്‍ ആണ് പൊതുവെ തെയ്യങ്ങള്‍ പറയുന്നത് എന്ന് ഏറെക്കുറെ മനസ്സിലായിട്ടുണ്ട്.ഈ ലേഖനത്തിന് നന്ദി.

പട്ടേരി l Patteri said...

കുറെ തെയ്യങ്ങള്‍ കണ്ടിട്ടുണ്ട്...ഇതൊക്കെ വായിക്കുമ്പോള്‍ തോന്നുക കഥ അറിയാതെ ആട്ടം കാണുകയായിരുന്നു എന്നാണു..
ഗുഡ് പോസ്റ്റ്..
മാപ്പിള പൊറാട്ട് എന്ന ഒരു തെയ്യം ഇല്ലെ?.....
ഇനി തെയ്യം കാണാന്‍ പോകുമ്പോള്‍ ഈ തെയ്യങ്ങളുടെ ഒക്കെ പടം എടുത്ത് ബ്ലോഗില്‍ ഇട്ടാല്‍ നന്നായിരിക്കുമ്...ഒരു വിഷ്വല്‍ ഇഫെക്റ്റ് നല്ലതാ...:)

കണ്ണൂരാന്‍ - KANNURAN said...

പേര്..പേരക്ക, ബാബുരാജ്, ആലപ്പുഴക്കാരന്‍, നിഷ്ക്കളങ്കന്‍, താരാപഥം, വാല്‍മീകി, മയൂര, പ്രമോദ്: സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

വിമതന്‍: വയനാട്ട് കുലവന്‍ കെട്ട് കാസര്‍ഗോഡ് ജില്ലയിലാണ് പ്രധാനമായും നടക്കുന്നത്. എഴുതാന്‍ ശ്രമിക്കാം. നന്ദി അഭിപ്രായത്തിന്.

ശ്രീലാല്‍, പട്ടേരി: മാപ്പിളപൊറാട്ടിന്റെ ഒരു ഫോട്ടോ സംഘടിപ്പിച്ച് പോസ്റ്റിയിട്ടുണ്ട്. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

കണ്ണൂരാന്‍ - KANNURAN said...

ശ്രീലാല്‍: ആലിച്ചാമുണ്ഡി കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയിലാണ് കെട്ടിയാടുന്നത്. മാപ്പിളപൊറാട്ട് ഒരു പാടു സ്ഥലങ്ങളിലുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതിയിരറിവായി ഈ വിവരണം. വലരെ നന്നായിട്ടുണ്ട്..

ഇക്കാസ് മെര്‍ച്ചന്റ് said...

ഏറെ കൌതുകകരമായ അറിവുകളാണല്ലോ കണ്ണൂരാനേ തന്നത്... നന്ദി.

മൈന said...

മാപ്പിള തെയ്യങ്ങളെ കുറിച്ച് കേട്ടിരുന്നു. കൂടുതല് അറിയാന്] കഴിഞ്ഞതില്, ചരിത്രമറിഞ്ഞതിന് സന്തോഷം. നന്ദി