Sunday, February 04, 2007

കടവാങ്കോട്ട് മാക്കം (മാക്കപോതി)



നാത്തൂന്മാരുടെ അപവാദ പ്രചരണം കൊണ്ട് സ്വന്തം സഹോദരന്മാരാല്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു നായര്‍സ്ത്രീ തെയ്യമായി മാറിയ കഥയാണ് കടവാങ്കോട്ട് (കടങ്കോട്ട്) മാക്കം അഥവ മാക്കപ്പോതി.

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ കടവാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയമ്മക്ക് പന്ത്രണ്ട് ആണ്മക്കളായിരുന്നു. മരുമക്കത്തായ സമ്പ്രദായ പ്രകാരം തറവാട് വാഴാന്‍ പെണ്‍സന്തതി ഇല്ലാത്തതിനാല്‍ ദു:ഖിതയായ അവര്‍ 40 ദിവസം വ്രതമിരുന്നു. തുടര്‍ന്ന് ദൈവനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞ് ഉണ്ടായി.

“പത്തുമാസം പത്താം ദിവസം പത്ത് നാഴിക ചെല്ലുമ്പോള്‍
നൊന്ത് വിളിച്ച് പൊന്മകളെ പ്രസവം ചെയ്തു
അന്തിവെളിച്ചം ആദിത്യന്റെ ചെങ്കതിര്‍ പോലെ
പത്തര മാറ്റുള്ളൊരു തങ്കം പോലെ”

പന്ത്രണ്ട് ആങ്ങളമാര്‍ക്കും അരുമയായ അനുജത്തിക്ക് കുഞ്ഞിമാക്കം എന്നാണ് പേരു വിളിച്ചത്. യഥാകാലം അവളുടെ വിദ്യാഭ്യാസം നടന്നു. വയസ്സ് 12 തികഞ്ഞപ്പോള്‍ നാട്ടുനടപ്പനുസരിച്ച് മച്ചുനന്‍ കുട്ടി നമ്പര്‍ കുഞ്ഞിമാക്കത്തെ കല്ല്യാണം കഴിച്ചു. ആ ദമ്പതിമാര്‍ക്ക് ചന്തുവെന്നും, ചീരുവെന്നും പേരായി രണ്ട് മക്കള്‍ ജനിച്ചു.

മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മാക്കം കടവാങ്കോ‍ട്ട് തറവാട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. മാക്കത്തിന്റെ ആങ്ങളമാര്‍ കോലത്തിരിയുടെ പടനായകന്മാരായിരുന്നു. നേരിയോട്ട് സ്വരൂപവും കോലത്തിരിയും തമ്മില്‍ പടകുറിച്ചതിനാല്‍ പടനയിക്കുവാന്‍ മാക്കത്തിന്റെ സഹോദരന്മാര്‍ പോകേണ്ടതായി വന്നു. മാക്കം അവരെ വിലക്കി നോക്കി. തമ്പുരാന്റെ കല്‍പ്പനയായതിനാല്‍ പടക്കു പോകാതിരിക്കാന്‍ പറ്റില്ലല്ലോ.

സഹോദരന്മാര്‍ക്ക് മാക്കം ജീവനായിരുന്നുവെങ്കിലും നാത്തൂന്മാര്‍ക്ക് മാക്കത്തെ ഇഷ്ടമല്ലായിരുന്നു. നാത്തൂന്മര്‍ കുഞ്ഞിമാക്കത്തെ ചതിക്കുവാന്‍ സന്ദര്‍ഭം നോക്കിയിരിക്കുകയായിരുന്നു. അവര്‍ കൂടിയാലോചിച്ച് ഒരു ഗൂഢപദ്ധതിയുണ്ടാക്കി. വൈകുന്നേരം സ്ഥിരമായി തറവാട്ടില്‍ എണ്ണ കൊണ്ടു വരാറുള്ള വാണിയനെമ്മന്‍ എണ്ണ കൊണ്ടുവരുമ്പോള്‍ തങ്ങളാരും അവിടെ ഉണ്ടാകരുതെന്ന് അവര്‍ തീരുമാനിച്ചു. വാണിയനെമ്മന്‍ എണ്ണയുമായി വന്നപ്പോള്‍ അതെടുത്തു വയ്ക്കാന്‍ ആരും വന്നില്ല. മാക്കം ഋതുവായി അടുക്കളമൂലയില്‍ ഇരിക്കുകയായിരുന്നു. “എനിക്കു തൊട്ടുകൂടാ, എണ്ണ അകത്തേക്കു വെച്ചേക്കൂ” മാക്കം വിളിച്ചു പറഞ്ഞു. അവന്‍ എണ്ണ അകത്തുവച്ച് പുറത്തിറങ്ങുമ്പോഴേക്കും നാത്തൂന്മാരും വന്നു. അവര്‍ അങ്ങോട്ടുമിങ്ങോട്ടും പരിഹാസരൂപത്തില്‍ അര്‍ത്ഥം വച്ചു നോക്കി.

പട ജയിച്ചു വന്ന ഭര്‍ത്താക്കന്മാരെ അവര്‍ വഴിക്കു വച്ച് കണ്ട് എതിരേറ്റത് മാക്കത്തെക്കുറിച്ച് അപവാദം പറഞ്ഞുകൊണ്ടായിരുന്നു. അവര്‍ അതുകേട്ട് വിശ്വസിക്കുകയും ചെയ്തു. പേരു ദോഷം വരുത്തിയ സഹോദരിയെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. പട ജയിച്ചു വന്ന സഹോദരന്മാരെ മാക്കം തറവാട്ടിലമ്മയെന്ന നിലയില്‍ വിളക്കുവെച്ച് എതിരേല്‍ക്കാന്‍ ചെന്നപ്പോള്‍ സഹോദര്‍ന്മാര്‍ അവളെ വിലക്കി. ഇതില്‍ നിന്നും സംഗതിയുടെ ഗൌരവം മാക്കത്തിനു മനസ്സിലായി.

കോട്ടയം കാവിലെ പൂരവിളക്ക് കാണാനെന്ന വ്യാജേന അവര്‍ മാക്കത്തെയും രണ്ട് മക്കളെയും കൂട്ടി പുറപ്പെടാന്‍ ആവശ്യപ്പെട്ടു. ഇതിലെന്തോ ദുരുദ്ദേശമുണ്ടെന്ന് മനസ്സിലായ മാക്കം കുളിച്ച് കുടുംബ ദേവതയുടെ സ്ഥാനമായ പടിഞ്ഞാറ്റയകം തുറന്ന് വിളക്കു വച്ച് സത്യം മാലോകര്‍ക്ക് വെളിപ്പെടണമെന്ന് പ്രാര്‍ത്ഥിച്ചു യാത്ര പുറപ്പെട്ടു. വഴിക്കുവച്ച് മാടായിക്കാവിലമ്മ, അഗ്രശാല മാതാവായ ചെറുകുന്നിലമ്മ, കളരിവാതുക്കല ഭഗവതി, കടലായി കൃഷ്ണന്‍ തുടങ്ങി എല്ലാ ദൈവങ്ങളെയും, പരദേവതകളെയും പ്രാര്‍ത്ഥിച്ച് തന്റെ നിരപരാധിത്വം തെളിയിക്കണെമെന്ന് സത്യം ചെയ്തു.

നടന്ന് നടന്ന് ചാലയിലെത്തിയപ്പോള്‍ കുട്ടികള്‍ക്ക് ദാഹിച്ചു. സഹോദര്‍ന്മാരുടെ അനുവാദത്തോടെ ചാല പുതിയ വീട്ടില്‍ കയറി വെള്ളം ചോദിച്ചു. അവിടെ നിന്ന് കാച്ചി തണുത്ത പാലാണ് നല്‍കിയത്. “ഇതെന്റെ അവസാനത്തെ പാല്‍കുടിക്കലാണെന്ന്“ പറഞ്ഞ് മാക്കം തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണാഭരണം ആ വീട്ടമ്മയ്ക്ക് നല്‍കി.

വീണ്ടും നടന്ന് മമ്പറം കടവ് കടന്ന് കിഴക്കോട്ട് യാത്രയായി. യാത്ര തുടര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് വീണ്ടും ദാഹിച്ചു. ദാഹം തീര്‍ക്കുന്നതിനായി അയ്യങ്കരപ്പള്ളി (തച്ചങ്കരപള്ളി) യരികെയുള്ള കിണറ്റിനടുത്തെത്തി കുട്ടികള്‍ക്ക് വെള്ളമെടുത്തു കൊടുത്തു. “നട്ടുച്ചക്ക് നക്ഷത്രമുദിച്ചത് കണ്ട്വോ മാക്കേ” എന്ന് സഹോദരന്മാര്‍ ചോദിച്ചു. അവള്‍ തലയുയര്‍ത്തി നോക്കിയ തഞ്ചം നോക്കി ചുരികയൂരി മാക്കത്തിന്റെയും മക്കളായ ചാത്തുവിന്റെയും, ചീരുവിന്റെയും തലയറുത്ത് ആ കിണറ്റില്‍ തള്ളി. ആടുത്തുള്ള കാട്ടില്‍ നിന്നും മുളവെട്ടിക്കൊണ്ടിരുന്ന മാവിലന്‍ ഈ ക്രൂരകൃത്യം കണ്ടു നിലവിളിച്ചു. അവര്‍ അവനെയും തങ്ങളുടെ വാളിന്നിരയാക്കി. താമസിയാതെ സഹോദരന്മാര്‍ തമ്മില്‍ കലഹിച്ച് തന്നത്താന്‍ മറന്ന് വാള്‍വീശി കൊത്തിമുറിച്ച് മരിച്ചു. ഏഷണി പറഞ്ഞ് നടന്ന നാത്തൂന്മാര്‍ ചിത്തഭ്രമം വന്നു മരണമടഞ്ഞു.



മാക്കത്തിന്റെ പ്രാര്‍ത്ഥനപോലെ കടവാങ്കോട്ട് തറവാട്ടിനു തീപിടിച്ചു. കുടും‌ബദേവതയായ വീര ചാമുണ്ഡിയുടെ കൊട്ടിലകം മാത്രം കത്തി നശിച്ചില്ല. ഒടുവില്‍ മാലോകര്‍ക്ക് മാക്കത്തിന്റെ നിരപരാധിത്വം വെളിപ്പെട്ടു. അവര്‍ മാക്കത്തെ ദേവതയായികണ്ട് കോലം കല്‍പ്പിച്ച് കെട്ടിയാടിച്ചു. അങ്ങിനെ കെട്ടിയാടിച്ചപ്പോള്‍ മാക്കത്തിന്റെ കൂടെ കൊല്ലപ്പെട്ട മക്കളായ ചാത്തുവിനും, ചീരുവിനും, മാവിലനും കോലമുണ്ടായി. കരുണാരസ പ്രധാനമായ് ഈ ദു:ഖാന്ത കഥ കോലത്തു നാട്ടിലെ ജനങ്ങളെ ഒന്നടങ്കം ആകര്‍ഷിച്ച പുരാവൃത്തമാണ്. സന്താന ലബ്ധിക്കുവേണ്ടി മാക്കപ്പോതി കെട്ടിയാടിക്കാമെന്ന് പ്രാര്‍ത്ഥിക്കുക കോലത്തുനാട്ടിലെ പതിവാണ്.
(ഫോട്ടോ: മനോരമ)

16 comments:

KANNURAN - കണ്ണൂരാന്‍ said...

പുതിയ പോസ്റ്റ്.. മാക്കപ്പോതിയുടെ പുരാവൃത്തം...

രാജു ഇരിങ്ങല്‍ said...

കണ്ണൂരാനേ.. മാക്കത്തിന്‍ റെ കഥയും രസകരമായി.
ഇതില്‍ കുറച്ചു കൂടി വ്യക്തമാക്കി പറയാമായിരുന്നുവെന്ന് തോന്നുന്നു. ഇന്ന് തെയ്യം നടക്കുമ്പോള്‍ കടവാങ്കോട്ട് മാക്കം തെയ്യത്തിന് ഈ പാല് കൊടുത്ത വീട്ടുകാരുടെ പ്രസക്തി, അവരുടെ അവകാശം, തുടങ്ങിയ കാര്യങ്ങള്‍.
പിന്നെ കണ്ണൂര് അല്ലാത്ത ചിലര്‍ക്കെങ്കിലും കൊട്ടിലകം എന്ന് പറഞ്ഞാല്‍ മനസ്സിലാകുമെന്ന് തോന്നുന്നില്ല (എന്‍ റെ അറിവില്ലായ്മ ആയിരിക്കാം; ഞാന്‍ കണ്ണൂരാണേ..)

താങ്കള്‍ ഈ കഥകള്‍ എഴുതുന്നത് കേട്ട കഥകളാണൊ അതൊ എ. കെ നമ്പ്യാരുടെ പുസ്ത്കത്തില്‍ നിന്നുള്ളതാണൊ. (ചുമ്മാ ഒരു സംശയം ചോദിച്ചതാണേ.).
എന്തൊക്കെ യാണെങ്കിലും ബൂലോകര്‍ക്ക് തെയ്യത്തിന്‍ റെ കഥ പറഞ്ഞു കൊടുക്കുന്ന താങ്കളുടെ ശ്രമങ്ങള്‍ അഭിനന്ദനീയം തന്നെ.

Raghavan P K said...

സമൂഹമന‍സ്സില്‍ ചിരപ്രതിഷ്ഠ നേടിയ സ്ത്രീയോ പുരുഷനോ അവരുടെ മരണാനന്തരം അമാനൂഷിക പരിവേഷത്തോടെ ആരാധിക്കപ്പെടുന്നു. മാക്കപ്പോതിയുടെ പുരാവൃത്തം വളരെ നന്നായിടട്ടുണ്ട്.
തെയ്യക്കാലം ആയതിനാല്‍ ഇനിയും പലതും കണ്ണൂരാന്റെ പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു.

പൊതുവാള് said...

നന്നായിട്ടുണ്ട് കണ്ണൂരാനേ,

കൂടുതല്‍ ചിത്രങ്ങളും കൊടുക്കുന്നത് നന്നായിരിക്കും.

സാരംഗി said...

മാക്കത്തിന്റെ കഥയും ഹൃദയസ്പര്‍ശിയായി തോന്നി.... വിവരണം വളരെ നന്നായിട്ടുണ്ട്‌ കണ്ണൂരാനേ..കണ്ണകിയുടെ കഥപോലെ ഇതും സത്യമുള്ള സ്ത്രീകളുടെ ശക്തി വെളിപ്പെടുത്തുന്നു..പോതി എന്നാല്‍ ഭഗവതിയല്ലേ?

Peelikkutty!!!!! said...

കടവങ്കോട്ട് മാക്കം,ഉണ്ണിച്ചെറിയമ്മയൊക്കെയുള്ള ഒരു പ്രൊഗ്രാമില്‍ ഞാന്‍ പങ്കെടുത്തിരുന്നു:)

KANNURAN - കണ്ണൂരാന്‍ said...

ഇരിങ്ങല്‍: സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും നന്ദി. ഓരോ തെയ്യത്തിന്റെയും എല്ലാം വിശദാംശങ്ങളും എഴുതണമെങ്കില്‍ ഒരു വര്‍ഷം ഒരു തെയ്യത്തെക്കുറിച്ചെ എഴുതാന്‍ സാധിക്കൂ. തെയ്യത്തിന്റെ പുരാവൃത്തം മാത്രമെ ഞാന്‍ ഈ പോസ്റ്റിലൂടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളു. എ.കെ.നമ്പ്യാരുടെ പുസ്തകം ഞാന്‍ കണ്ടിട്ടില്ല. അതിന്റെ പേരും പ്രസാധകന്റെ പ്രസാധകന്റെ പേരും തന്നാല്‍ ഉപകാരമായിരിക്കും.

രാഘവേട്ടന്‍: അതെ, ഇതു തെയ്യക്കാലമാണ്. നാളെ കണ്ണപുരം കാരങ്കാവില്‍ പോകണം.

പൊതുവാളന്‍: ശ്രമിക്കാം, ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍.

സാരംഗി: പോതി ഭഗവതി തന്നെ. ചരിത്രകാരനായ ചേലനാട്ട് അച്യുതമേനോന്‍ ഒരിടത്തു പറഞ്ഞിട്ടുണ്ട് ഇതേ കാര്യം.

പീലിക്കുട്ടി: എന്താ ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഞാനിങ്ങനെയാ, ട്യൂബ് ലൈറ്റാ...

രാജു ഇരിങ്ങല്‍ said...

കണ്ണൂരാനേ..
കാരംകാവിലെ തെയ്യത്തിന് പലപ്പോഴായി ഞാനും പോയിട്ടിട്ടുണ്ട്. ഇപ്പോള്‍ 8 വര്‍ഷത്തിലേറെയായി പോയിട്ട്. എങ്കിലും തെയ്യത്തിന്‍ റെ പുതിയ വിശേഷങ്ങളുമായി വരുന്നതും കാത്തിരിക്കുന്നു.
എ. കെ നമ്പ്യാരുടെ പുസ്തകത്തിനെ കുറിച്ചുള്ള വിശദവിവരം പറഞ്ഞു തരാം. കുറച്ച് ദിവസം തരൂ.

പിന്നെ താങ്കള്‍ ഇപ്പോഴും കണ്ണൂരില്‍ തന്നെയാണുള്ളതെങ്കില്‍ അവിടെ മാര്‍ച്ച് - 10 - 11‍ ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. ഒരു അവാര്‍ഡ് ദാന ചടങ്ങും ചില സാഹിത്യ കൂട്ടയ്മയും. അവിടെ വച്ച് തീര്‍ച്ചയായും കാണാം. വിശദ വിവരങ്ങള്‍ എനിക്ക് കിട്ടിയാല്‍ അറിയിക്കുന്നതാണ്. താങ്കളെ അവിടെ വന്നാല്‍ ബന്ധപ്പെടാനുള്ള നമ്പര്‍ അറിയിക്കുമല്ലൊ.

പീലിക്കുട്ടി ഉദ്ദേശിച്ചത് ഉണ്ണിച്ചിരുത യെ ക്കുറിച്ചാണോന്ന് ഞാന്‍ സംശയിക്കുന്നു. അങ്ങിനെയാണൊ??

ittimalu said...

കണ്ണൂരാനെ... ഇയാളുടെ തെയ്യക്കഥകള്‍ കേട്ട് ഞാന്‍ ഒരു തെയ്യം ഫാന്‍ ആയ ലക്ഷണം ... ... ഇരിങ്ങല്‍ പുസ്തകത്തിന്റെ പേരുപറഞ്ഞുതരുമ്പോള്‍ കുറച്ചു കൂടി ആധികാരികമായ കഥകള്‍ കേള്ക്കാം അല്ലെ... എന്തായാലും ഈ കളക്ഷന്‍ ഉഗ്രന്‍ ...കുറച്ചു ചിത്രങ്ങള്‍ കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു..

Peelikkutty!!!!! said...

അതേയ്,അമ്മേടെ സ്കൂളിന്റെ വക അമ്പലത്തിലുള്ള ഒരു പരിപാടിക്ക് അതിന്റെ ഡയറക്ടര്‍‌ കം ഡബ്ബിങ് ആര്‍‌ട്ടിസ്റ്റ് കം സിങ്ങറിലൊരാള് മിസ്സായപ്പൊ ഇത്തിരി വല്യ കുട്ടിയായ എന്നെ ഗസ്റ്റായി വിളിച്ചു..പാട്ടും ഡയലോഗ് ഒക്കെ ഉണ്ടായിരുന്നു..(ഓ.കെ.കിട്ടിപ്പോയി“വില്‍‌കലാമേള”) രാജു ഇരിങ്ങല്‍ പറഞ്ഞപ്പൊ ഉണ്ണിച്ചിരുതേയി ആണോ എന്നൊരു സംശയം..പക്ഷെ മാക്കവും ഉണ്ടായിരുന്നു..ങ്ഹാ!

..അല്ലാണ്ട് ഞാന്‍ തെയ്യം കെട്ടി ആടിട്ടൊന്നൂല്ല കണ്ണൂരാന്‍ ചേട്ടാ:-)

ഒരു വടകരക്കാരി.
qw_er_ty

KANNURAN - കണ്ണൂരാന്‍ said...

സാരംഗി: സാരംഗി പറഞ്ഞ കണ്ണകിയുടെ കാര്യം ഞാനൊന്നു ലൈബ്രറിയില്‍ ചെന്നു നോക്കി. ഡോ. ചേലനട്ട് അച്യുതമേനോന്‍ എഴുതിയതിങ്ങനെയാണ് “മാക്കം, കേരളത്തിന്റെ കണ്ണകിയാണവള്‍. അവളുടെ മാതൃകാജീവിതം നേരിട്ടറിഞ്ഞ് അതിലടങ്ങിയ വിവിധാദര്‍ശങ്ങളെ ഉപജീവിച്ച് ചിലപ്പതികാരം പോലെ ഒരു മഹാകാവ്യം നിര്‍മ്മിക്കാന്‍ ഇളങ്കോവടികളെപ്പോലെ ഒരു കാവി നമുക്കില്ലാതെ പോയത് മലയാളത്തിന്റെ നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ”.

KANNURAN - കണ്ണൂരാന്‍ said...

ഇരീങ്ങല്‍: അപ്പൊ നേരില്‍ കാണാം.

ഇട്ടിമാളു: ഇതു തെയ്യക്കാലമാ... വണ്ടി കയറി ഇവിടെ ഇറങ്ങിയാല്‍ തെയ്യം കാണാം. ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

പീലിക്കുട്ടി: ‌ബള്‍ബ് കത്തി.

മനു said...

കണ്ണൂരാന്‍ മാഷേ
നന്നായിണ്ട്ട്ടാ..
ത്തിരി ചിത്രദര്‍ശനം മേമ്പൊടി ചേര്‍ത്തിരുന്നെങ്കി എന്നാശിച്ചു

Siji said...

കണ്ണൂരാനെ,
തെയ്യത്തിന്റെ കഥകള്‍ ഞാനിപ്പോഴാണ്‌ വായിക്കുന്നത്‌. ഒരുകാലത്ത്‌ തെയ്യത്തിനോടുള്ള ഭ്രമം മൂത്ത്‌ ലെബ്രറിയില്‍ നിന്ന് ഒരു കെട്ട്‌ പുസ്തകവുമായി ഹോസ്റ്റല്‍ റൂമില്‍ വന്ന് രാത്രി മുഴുവനുമിരുന്ന് വായിച്ചത്‌ ഞാനോര്‍ക്കുന്നു. തെയ്യം നേരില്‍ക്കാണെനിക്ക്‌ ഭാഗ്യം കിട്ടിയിട്ടില്ല, എങ്കിലും മരിക്കുന്നതിനു മുമ്പ്‌ ഞാനാവഴി വരും .
ഇനിയും എഴുതൂ ആ കഥകളൊക്കെ. ഞാനൊരു സ്ഥിരം വായനക്കാരിയായി ഇവിടെ ഒപ്പുവെക്കുന്നു.

KANNURAN - കണ്ണൂരാന്‍ said...

മനു: സന്ദര്‍ശനത്തിനു നന്ദി.

സിജി: എന്തായാലും വരണം തെയ്യം കാണാന്‍. നന്ദി.

KANNURAN - കണ്ണൂരാന്‍ said...

പൊതുവാളന്‍, ഇട്ടിമാളു, മനു: മാക്കപ്പോതിയുടെയും മക്കളുടെയും ഒരു ചിത്രം കൂടി ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.