തന്റെ ഭാര്യ സ്വബോധത്തോടെയല്ല അപ്രകാരം പറഞ്ഞതെന്നും, ഇതെല്ലാം ദൈവത്തിന്റെ കളിയാണെന്നും വിശ്വസിച്ച് മന്ദപ്പന്‍ കച്ചകെട്ടി ആയുധവുമായി പടക്കളത്തിലേക്ക് കുതിച്ചു.
ആയുധവുമായി പടക്കളത്തിലേക്ക് വന്ന മന്ദപ്പനെകണ്ട് കുടകര്‍ ഭയക്കുകയും അങ്കത്തില്‍ കുടകരുടെ പട പരാജയപ്പെടുകയും ചെയ്തു. പട തീര്‍ന്ന് പടക്കളത്തില്‍ നില്‍ക്കുമ്പോഴാണ് തന്റെ പീഠമോതിരവും ചെറുവിരലും നഷ്ടപ്പെട്ടുവെന്നത് മന്ദപ്പന് മനസ്സിലായത്. ഇങ്ങനെ അംഗഭംഗം വന്ന് നിലയില്‍ വീട്ടിലെത്തിയാല്‍ ചെമ്മരത്തിയുടെ നിന്ദക്കു പാത്രീഭവിക്കുമെന്നതിനാല്‍ മരിക്കുന്നതാണിനി നല്ലതെന്ന് അവന്‍ കരുതി. പരജയപ്പെട്ട കുടകരുടെ പട കാട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്നും, ആ കള്ളപ്പടയുടെ മുന്നില്‍ ചെന്ന് പെടനാണ് ഉദ്ദേശിക്കുന്നതെന്നും ചങ്ങാതിമാരെ അറിയിച്ചു. മനപ്പൂര്‍വ്വം ആയുധമെടുക്കതെ ചങ്ങാതിമാരുടെ തടസ്സവാദങ്ങള്‍ മാനിക്കതെ മന്ദപ്പന്‍ യാത്രയായി.
പ്രതീക്ഷിച്ചതുപോലെ കുടകരുടെ കള്ളപ്പട മാരിപോലെ അമ്പെയ്ത് മന്ദപ്പനെ തുണ്ടം തുണ്ടമാക്കി.മന്ദപ്പന്റെ അന്ത്യത്തെക്കുറിച്ചറിഞ്ഞ അമ്മാവനും ചെമ്മരത്തിയും പടക്കളത്തിലെത്തി തുണ്ടം തുണ്ടമായ ശരീര ഭാഗങ്ങള്‍ ചേര്‍ത്തു വച്ചു ചിതയൊരുക്കി.
മന്ദപ്പനെ ദഹിപ്പിച്ചുകൊണ്ടിരിക്കെ "ഉച്ചിയെലെന്തൊരു വെള്ളിനക്ഷത്രം കാണുന്നു"വെന്ന് ചെമ്മരത്തി ചോദിക്കുകയും, എല്ലാവരും ആകാശത്ത് നോക്കുന്നനേരത്ത് ആ പതിവ്രതാരത്നം ചിതയില്‍ച്ചാടി (ഉടന്തടി) മരിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ചു വന്താര്‍മുടിപ്പുഴയില്‍ കുളിക്കുമ്പോള്‍ മന്ദപ്പനും ചെമ്മരത്തിയും മേലെക്കടവില്‍ നിന്ന് കുളിക്കുന്നതായി അമ്മാവന്റെ മകന്‍ അണ്ണൂക്കന്‍ കണ്ട് ഓടിച്ചെന്നു നോക്കിയപ്പോള്‍ കല്ലും പുല്ലും ഭൂമിയും നനഞ്ഞതായി കണ്ടതല്ലാതെ അവരെ കാണന്‍ കഴിഞ്ഞില്ല.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തേന്‍ കദളിവാഴ വിറക്കുന്നു. അതിന്മേലായിരുന്നു പീഠമോതിരമണിഞ്ഞ ചെറുവിരല്‍ ചെന്നു വീണിരുന്നത്. അണ്ണൂക്കന്‍ അതില്‍ തൊട്ടപ്പോള്‍ അവന്റെമേല്‍ മന്ദപ്പന്റെ ചൈതന്യം ആവേശിച്ച് വെളിപ്പെട്ടു.
"മരിച്ചിനെന്നു ഭാവിക്കേണ്ട നിങ്ങളെന്റെ നേരമ്മോമ
മരിച്ചിനെന്നിട്ട് ഏഴും പതിമൂന്നും വേണ്ടെനിക്ക്
അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം
പാര്‍കോഴി മധുകലശം കട്ടിയപ്പം കരിങ്കലശം
പൊറത്ത് ചങ്ങാതികള്‍ക്കും കൊടുത്താല്‍ മതി..."
എന്ന അരുളപ്പാടുണ്ടാകുകയും, തെയ്യം കെട്ടേണ്ട ആളിനെ നിശ്ചയിക്കുകയും, അണ്ണൂക്കന്‍ തന്നെ കോമരത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. തെയ്യം കെട്ടി പുറപ്പെട്ടപ്പോള്‍ അമ്മാവന്‍ അരിയെറിഞ്ഞ് കതിവനൂര്‍ വീരാ എന്നു വിളിച്ചു. അങ്ങിനെയാണ് മന്ദപ്പന്‍ കതിവനൂര്‍ വീരനായത്.
മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കതിവനൂര്‍ വീരന്റെ തോറ്റം കരളലിയിക്കുന്ന ഗാനധാരയാണ്. വാഴപ്പോളകൊണ്ട് തയ്യാറാക്കിയ തറയ്ക്കു ചുറ്റുമാണ് കതിവനൂര്‍ വീരന്‍ തെയ്യം തന്റെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കുക പതിവ്. ഈ തറ ചെമ്മരത്തിയാണെന്നാണ് സങ്കല്‍പ്പം. സാധരണ കെട്ടിയാടിക്കുന്നതിനു പുറമെ നേര്‍ച്ചയായി ഉദ്ദിഷ്ട കാര്യ സിദ്ധിക്കും, ആപത്മോചനത്തിനുമായുള്ള വഴിപാടായും ഈ തെയ്യം കെട്ടിയാടിക്കാറുണ്ട്.
Tuesday, January 30, 2007
Subscribe to:
Post Comments (Atom)
14 comments:
മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കതിവനൂര്‍ വീരന്റെ തോറ്റം കരളലിയിക്കുന്ന ഗാനധാരയാണ്. കതിവനൂര്‍ വീരന്‍ രണ്ടാം ഭാഗം....
നല്ലവിവരണം .. എന്നാലും ചെമ്മരത്തി എന്തിനാ ആദ്യം അങ്ങിനെ പറഞ്ഞെ? കതിവനൂര്‍ വീരന്‍ എന്ന പേരിന്റെ കാര്യം എന്താ?അപ്പോ ബാക്കി കൂടി പോരട്ടെ..
കതിവനൂര്‍ വീരനെക്കുറിച്ച് “കളിയാട്ട”ത്തിലാണ് ആദ്യം കേട്ടത്. ഇപ്പോള്‍ ആ പേരിന്നു പിന്നിലൊരു കഥയുണ്ടെന്നു മനസ്സിലായി. ഇനിയും ഇതുപോലുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
വായിച്ചു. എല്ലാം സൌകര്യം പോലെ പോസ്റ്റ് ചെയ്യുമല്ലോ.
ഇട്ടിമാളു: ചെമ്മരത്തി എന്തിനാ പറഞ്ഞതെന്ന് ആദ്യ വരിയില്‍ തന്നെ ഉണ്ടല്ലോ? നാടു വിട്ട് മന്ദപ്പന്‍ എത്തിയസ്ഥലമാണ് കതിവനൂര്‍. അവിടെ വച്ച് ഏകനായി കുടകരുമായി പടപൊരുതി ജയിച്ചതു കൊണ്ടാവണം അമ്മാവന്‍ മന്ദപ്പനെ കതിവനൂര്‍ വീരന്‍ എന്നു വിളിച്ചിട്ടൂണ്ടാവുക.
തൊമ്മന്‍, സു: നന്ദി. ഇനിയും കൂടുതല്‍ പുരാവൃത്തങ്ങള്‍ എഴുതാന്‍ ശ്രമിക്കാം.
രണ്ടാം ഭാഗവും നന്നായി കണ്ണൂരാനേ.. പലപ്പോഴും നമ്മള്‍ കഥയറിയാതെയാണു ആട്ടം കാണുന്നതെന്നു തോന്നുന്നു..ഉദാഹരണത്തിനു 'കളിയാട്ട'ത്തിലെ കതിവനൂര്‍ വീരനെ കുറിച്ചുള്ള പാട്ട് അറിയാമായിരുന്നെങ്കിലും കഥ ഇപ്പോഴാണറിഞ്ഞത്..പെരുങ്കളിയാട്ടത്തെക്കുറിച്ചുള്ള സകല അറിവുകളും പോസ്റ്റ് ചെയ്യൂ..കൂടാതെ തെയ്യം എന്ന കലാരൂപത്തെക്കുറിച്ച് താങ്കള്‍ക്കറിയാവുന്ന എല്ലാം.
സാരംഗി: നന്ദി. താങ്കളെ പോലെയുള്ളവരുടെ പ്രൊത്സാഹനം എഴുതാന്‍ പ്രേരിപ്പിക്കുന്നു. ഓഫീസ് ബ്ലോഗറുടെ പരിമിതിക്കുള്ളില്‍ നിന്നും പരമാവധി പോസ്റ്റാന്‍ ശ്രമിക്കാം.
തെയ്യം കണ്ടിട്ടുണ്ട്.പക്ഷെ കുറച്ചുനേരം അതിന്റെ മുന്നില്‍ ചുറ്റിപറ്റി നില്‍ക്കുംന്നല്ലാണ്ട് കഥ യൊന്നും അറീല്ല..കതിവനൂര്‍ വീരന്‍ പോലെ ഇനിയും കഥകള്‍ പങ്കുവയ്ക്കണേ:)
കണ്ണൂരാനേ ഇത് പുതിയ അറിവാണ്. നന്ദി. ഇനിയും പ്രതീക്ഷിയ്ക്കുന്നു.
പീലിക്കുട്ടി, ദില്‍ബു: സന്ദര്‍ശനത്തിനു നന്ദി. ഇനിയും എഴുതാം.
കണ്ണൂരാനേ, കതിവനൂര്‍വീരന്‍ എന്ന് കേട്ടിട്ടുള്ളതല്ലതെ അതിന്റെ പിന്നിലെ ഐതിഹ്യം ഇപോളാണു മനസ്സിലായത്,
ഇതുപോലെ മറ്റ് തെയ്യങ്ങളെയും പരിചയപ്പെടുത്തണേ
കണ്ണൂരാനേ വളരെ നന്നായി എഴുതിയിരിക്കുന്നു.
എല്ലാം വായിക്കുന്നുണ്ടു്. പുതിയ അറിവുകളാണു്.
ഗ്രാമീണന്‍, വേണു: നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും.
കണ്ണൂരാനേ..
കഥകള്‍ അറിയുമെങ്കിലും വായിക്കുമ്പോള്‍ നാട്ടിലുള്ള തെയ്യപ്പറമ്പിലെത്തുന്നു. തെയ്യം കാണാന്‍ പോയാല്‍ തോറ്റം തീരും വരെ ആ ഗാനധാര കേട്ടു നില്‍ക്കുക പതിവായിരുന്നു. പിന്നെ വീട്ടില്‍ വന്നതിന് ശേഷം അമ്മയുടെ അച്ഛനോട് കുത്തികുത്തി ഓരോ തെയ്യത്തിന്‍റെയും കഥകള്‍ ചോദിക്കുമായിരുന്നു.
Post a Comment