Friday, January 26, 2007

കതിവനൂര്‍ വീരന്‍ - പുരാവൃത്തം ഭാഗം 1


ശ്രദ്ധേയമായ പുരാവൃത്തമുള്ള ഒരു തെയ്യമാണ്‌ കതിവനൂര്‍ വീരന്‍. വീര പരാക്രമിയായ മന്ദപ്പന്റെ അത്യന്തം സാഹസപൂര്‍ണ്ണവും, ദുരന്തപര്യവസായിയുമായ ജീവിത കഥയാണ്‌ കതിവനൂര്‍ വീരന്റേത്‌. കതിവനൂര്‍ വീരന്‍ കതുവനൂര്‍ വീരന്‍, കതിനൂര്‍ വീരന്‍ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു.

തളിപ്പറമ്പിനടുത്തുള്ള മാങ്ങാട്ട്‌ ദേശത്ത്‌ (ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം) പ്രശസ്തമായ ഒരു തീയ്യ കുടുംബത്തില്‍ കുമരച്ചന്റെയും, ചക്കിയുടെയും മകനായി മന്ദപ്പന്‍ ജനിച്ചു. അക്ഷര വിദ്യയും ആയുധ വിദ്യയും യഥാകാലം അഭ്യസിച്ച അവന്‍ "ഒറ്റയും, കുറിയും" എന്ന വിനോദം പ്രായമേറെ ആയിട്ടും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ചങ്ങാതിമാരൊത്ത്‌ കളിച്ചു നടക്കുകയല്ലാതെ യതൊരു വിധത്തിലുള്ള ജോലിയും അവന്‍ ചെയ്യാറില്ലായിരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ മാത്രം വരാറുള്ള മകന്റെ സ്വഭാവത്തില്‍ പിതാവ്‌ ദുഖിതനായിരുന്നു. ഒരു ദിവസം പണി ചെയ്യണമെന്ന പിതാവിന്റെ ഉപദേശമനുസരിക്കാതെ കളിക്കാന്‍ പോയതിനാല്‍ മേലില്‍ മന്ദപ്പന്‌ ചോറു നല്‍കരുതെന്ന് അമ്മയെ വിലക്കി. കളി കഴിഞ്ഞ്‌ ഉച്ചക്കു വീട്ടിലെത്തി ഭക്ഷണത്തിന്‌ ചെന്നിരുന്നപ്പോഴാണ്‌ പിതാവ്‌ ഭക്ഷണം വിലക്കിയ വിവരം മന്ദപ്പന്‍ അറിഞ്ഞത്‌. മകന്റെ വാക്കുകേട്ട്‌ മനസ്സലിഞ്ഞ അമ്മ ചോറുവിളമ്പിയെങ്കിലും, കുമരച്ചന്‍ അതു കണ്ടു പിടിച്ചു. രോഷകുലനായ പിതാവ്‌ മന്ദപ്പന്റെ കളി ആയുധമായ വില്ലെടുത്ത്‌ ചവിട്ടിപ്പൊളിച്ചു ചാടി (എറിഞ്ഞു) കളഞ്ഞു. ആയുധം നശിപ്പിച്ചത്‌ മന്ദപ്പന്‌ സഹിക്കാനായില്ല. ഇനി ആ വീട്ടില്‍ ഇരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത്‌ വീടു വിട്ടിറങ്ങിയ മന്ദപ്പന്‍ കൂട്ടുകാരുടെ കൂടെ കുടകു മലയില്‍ കച്ചവടത്തിനു പോകുവാന്‍ തീരുമാനിച്ചു.

മാതാപിതാക്കളോട്‌ പിണങ്ങി വന്ന മന്ദപ്പനെ കൂട്ടുവാന്‍ കൂട്ടുകാര്‍ക്കു താല്‍പ്പര്യമില്ലാത്തതിനാല്‍, യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ ഉല്ലസിക്കുവാനെന്ന മട്ടില്‍ മദ്യം കുടിപ്പിച്ച്‌ ഉറക്കിക്കിടത്തി. മത്ത്‌ വിട്ടുണര്‍ന്നപ്പോള്‍ ചങ്ങാതിമാര്‍ ചതിച്ചെന്നു മനസ്സിലാക്കിയ മന്ദപ്പന്‍ രണ്ടും കല്‍പ്പിച്ച്‌ പരദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ മാറപ്പെടുത്ത്‌ ഏഴിനും മീത്തലേക്ക്‌ (കുടകുമല) യാത്ര തിരിച്ച്‌ കതിവനൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേരുകയും അമ്മാവനും അമ്മായിയും അവനെ സ്വീകരിക്കുകയും ചെയ്തു. അമ്മവന്‍ സ്വന്തം സ്ഥലത്തിന്റെ പകുതി മന്ദപ്പനു നല്‍കുകയും അവന്‍ ആ സ്ഥലത്ത്‌ അസൂയവഹമായ രീതിയില്‍ വിളവെടുക്കുകയും ചെയ്തു. കൂടുതല്‍ ധനം സമ്പാദിക്കണമെന്ന അമ്മായിയുടെ നിര്‍ദ്ദേശപ്രകാരം എള്ള്‌ വാങ്ങി ആട്ടി എണ്ണയെടുത്ത്‌ കുടകുമലകളിലെല്ലാം വിറ്റ്‌ ധാരളം പണവും സമ്പാദിച്ചു. മന്ദപ്പന്റെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ മുത്താര്‍മുടി കുടകര്‍ പടയൊരുക്കം നടത്തുന്നതിനാല്‍ സുഹൃത്തിക്കളുടെ ഉപദേശപ്രകാരം മന്ദപ്പന്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചു.

ഒരു ദിവസം വേളങ്കോട്ട്‌ പുഴയരികിലൂടെ യാത്ര ചെയ്യുമ്പോള്‍ നീരാടുന്ന സുന്ദരിയായ ചെമ്മരത്തിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അമ്മാവന്‍ എതിര്‍ത്തെങ്കിലും മന്ദപ്പന്‍ ചെമ്മരത്തിയെ വിവാഹം ചെയ്തു. തുടര്‍ന്നു ഭാര്യാഗൃഹത്തില്‍ താമസമാക്കിയ മന്ദപ്പന്‍ എണ്ണ വില്‍പ്പന തുടര്‍ന്നു. ഒരു ദിവസം എണ്ണ വിറ്റ പണവും കൊണ്ട്‌ ഇരുട്ടുന്നതിനു മുമ്പെ വീട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ മന്ദപ്പന്‌ കുടകരുടെ വഴിയമ്പലത്തില്‍ തങ്ങേണ്ടി വന്നു. പിറ്റേന്ന് വീട്ടിലെത്തിയ മന്ദപ്പനെ ചെമ്മരത്തി ബഹുമാനിച്ചില്ലെന്നു മാത്രമല്ല നല്‍കിയ ചോറില്‍ കല്ലും, തലനാരും (മുടി) കാണുകയും ചെയ്തു. ഊണ് കഴിക്കുന്നതിനിടെ കുടകരുടെ പടവിളി കേട്ടതിനാല്‍ ഊണുകഴിക്കാതെ പടയ്ക്കായി പുറപ്പെട്ടപ്പോള്‍ ദുശ്ശകുനങ്ങള്‍ കാണുകയും ചെയ്തു. പടയ്ക്കു പുറപ്പെട്ട മന്ദപ്പനെ തുണ്ടം തുണ്ടമായി പോകട്ടെയെന്നു ശപിച്ചുകൊണ്ടാണ്‌ ചെമ്മരത്തി യാത്രയാക്കിയത്‌. .............(തുടരും)

16 comments:

KANNURAN - കണ്ണൂരാന്‍ said...

പുതിയ പോസ്റ്റ്. വീര പരാക്രമിയായ മന്ദപ്പന്റെ അത്യന്തം സാഹസപൂര്‍ണ്ണവും, ദുരന്തപര്യവസായിയുമായ ജീവിത കഥയുടെ ഒന്നാം ഭാഗം..

സുഗതരാജ് പലേരി said...

കണ്ണൂരാനേ വളരെ നന്നായി എഴുതിയിരിക്കുന്നു.

അച്ഛന്‍റെ കൂടെ പണിയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ മന്ദപ്പന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങിനെയാണ്.
“പണിയെടുക്കാനെന്നെ പണിപ്പണ്ടാട്ടിപ്പെറ്റിട്ടില്ല
തൊരമെടുക്കാന്‍ തൊരക്കാരത്തീന്‍റെ മോനുമല്ല ഞാന്‍“

എല്ലാവിധ ആശംസകളും നേരുന്നു.

ശ്രീജിത്ത്‌ കെ said...

നല്ല വിശദമായ ലേഖനം കണ്ണൂരാനേ. നന്ദി. പുതിയ അറിവുകള്‍ ലഭിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെ.

Anonymous said...

'കളിയാട്ടം' എന്ന സിനിമയിലെ 'കതിവനൂര്‍ വീരനെ നോമ്പുനോറ്റിരുന്നു മാമയില്‍ പീലി പോല്‍ അഴകോലും ചെമ്മരത്തി' എന്ന പാട്ട്‌ ഓര്‍മ്മ വന്നു. പക്ഷെ, ആ കഥ ഇപ്പോഴാണു മനസ്സിലായത്‌. നന്ദി കണ്ണൂരാനേ, തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.

ചക്കര said...

അറിവു പകരുന്ന ലേഖനം..നന്നായിരിക്കുന്നു

Anonymous said...

Very interesting. Like to know more about these folklores. Are they just folklores and myths or has any historical base?

Anonymous said...

നന്നായി പറഞ്ഞിരിക്കുന്നു. ഏത്‌ കാലയളവിലാണിത്‌ നടന്നതെന്ന്‌ ഏകദേശരൂപമുണ്ടോ?

സു | Su said...

കണ്ണൂരാനേ, എനിക്കിതൊന്നും അറിയില്ല. പോസ്റ്റ് ഇടുന്നതിന് നന്ദി.

KANNURAN - കണ്ണൂരാന്‍ said...

സുഗതരാജ്: വന്നതിനും തോറ്റത്തിന്റെ വരികള്‍ കുറിച്ചതിനും നന്ദി.
ശ്രീജിത്ത്: താങ്കള്‍ ഈ ബ്ലോഗ് തുടങ്ങിയതു കൊണ്ടാണ് ഇങ്ങനെ എഴുതണമെന്നു തോന്നിയതും
എഴുതാന്‍ സാധിക്കുന്നതും..
സാരംഗി: ഉടന്‍ തന്നെ ബാക്കി കൂടി പോസ്റ്റ് ചെയ്യാം.
ചക്കര: നന്ദി.
അശോക്: തെയ്യങ്ങളുടെ പുരാവൃത്തങ്ങളില്‍ പലതിനും historical base ഉണ്ടെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.പക്ഷെ അങ്ങിനെ ഇല്ലാത്ത തെയ്യങ്ങളും ഉണ്ട്. അവയെക്കുറിച്ചും ഒരു പോസ്റ്റിടാന്‍ ശ്രമിക്കാം.
അച്ചൂസ്: കാലയളവ് വ്യക്തമായി പറയുവാന്‍ സാധിക്കുകയില്ല. എന്റെ അഭിപ്രായത്തില്‍ വിദേശികള്‍ ഇന്ത്യയില്‍ എത്തുന്നതിനു മുമ്പാണെന്ന് പറയുവാന്‍ സാധിക്കും.
സു: ഞാന്‍ ബ്ലോഗുകളെക്കുറിച്ച് മനസ്സിലാക്കിയത് മാതൃഭൂമിയിലെ ലേഖനത്തില്‍ നിന്നായിരുന്നു. അന്ന് അതില്‍ കണ്ടത് കണ്ണൂരില്‍ നിന്നും ഒരു വീട്ടമ്മ സൂര്യഗായത്രി എന്ന ബ്ലോഗില്‍ കഥകളും മറ്റും എഴുതുന്നു എന്നായിരുന്നു. ഇപ്പൊ എനിക്കൊരു സംശയം സൂ കണ്ണൂര്‍ക്കാരിയല്ലെ? (അതോ മാവിലായിക്കാരിയോ!!!!) ഞാന്‍ വണ്ടി വിട്ടു. എന്നെ തല്ലേണ്ട...

സു | Su said...

ഹിഹിഹി. കണ്ണൂരാനേ, അതാ പറയുന്നത്, പത്രക്കാരു പറയുന്നതൊന്നും വിശ്വസിക്കരുതെന്ന്.

സത്യായിട്ടും, ഞാന്‍ ഈ പോസ്റ്റില്‍ പറയുന്നതൊന്നും അറിഞ്ഞിട്ടില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല. എവിടെയെങ്കിലുമൊക്കെ വായിച്ചാല്‍ വായിച്ചു. അത്രേ ഉള്ളൂ.

KANNURAN - കണ്ണൂരാന്‍ said...

സു: ഇനി ഞാനൊരു രഹസ്യം പറയാം. 1998 വരെ ഞാനും സു വിനെ പോലെ ആയിരുന്നു. തെയ്യം കാണുമെങ്കിലും അതില്‍ കവിഞ്ഞ് ചിന്തിക്കാറില്ലായിരുന്നു. 1998 ഫെബ്രവരി 16ന് (ആ ദിവസം മറക്കില്ല..) എന്റെ അനിയന്റെ 4 സുഹൃത്തുക്കള്‍ (അവര്‍ ജര്‍മ്മനിയില്‍ നിന്നുള്ളവരായിരുന്നു) തെയ്യം കാണാന്‍ വരികയും, എന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു. അവരിലെരാള്‍ തെയ്യത്തിന്റെ കഥയറിയാമോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തെ ആ വികാരം കണ്ട്പ്പോള്‍ തീരുമാനിച്ചതായിരുന്നു കുറച്ചെങ്കിലും മനസ്സിലാക്കണമെന്ന്. എങ്കിലും ഇനിയും 1% പോലും മനസ്സിലാക്കിയിട്ടില്ലെന്നതാണ് യഥാര്‍ത്ഥ്യം.

അരവിശിവ. said...

കണ്ണൂരാനേ,

വളരെ നല്ല പോസ്റ്റ്..

സാരംഗീ..കല്ലറ ഗോപന്‍ പാടിയ ‘കതിരനൂര്‍ വീരനേ‘ എന്നു തുടങ്ങുന്ന എന്റെ പ്രീയപ്പെട്ട പാട്ടുകളിലൊന്നാണ്..കല്ലറ ഗോപന് ഒരു ബ്ലോഗുണ്ടെന്നറിഞ്ഞതും നിങ്ങളുടെ ബ്ലോഗില്‍ നിന്നാണ്..നന്ദി..

ഇതിന്റെ ബാക്കി കൂടി വേഗം വായിയ്ക്കാനാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

Satheesh :: സതീഷ് said...

നല്ല പോസ്റ്റ്.. സ്ഥലപരിമിതി മൂലമാണ് ചില വിശദാംശങ്ങളിലേക്ക് കടക്കാതിരുന്നത് എന്നു തോന്നുന്നു. പിശകാണെന്ന് എന്ന് എനിക്കു തോന്നിയ ചിലത് തിരുത്തുന്നതില്‍ വിരോധമില്ലെന്നു കരുതുന്നു..
മന്ദപ്പന്‍ എന്നല്ല മന്നപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേരായി ഞാന്‍ വായിച്ചിട്ടുള്ളത് (ref:‘കളിയാട്ടം’-CMS ചന്തേര)
മന്നപ്പനെ ചതിച്ചത് കൂടെ ചെന്ന കൂട്ടുകാര്‍ തന്നെ എന്ന് തെയ്യവും തിറയും എന്ന പുസ്തകത്തില്‍ കാണുന്നു. അപ്പോള്‍ ‘യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ ഉല്ലസിക്കുവാനെന്ന മട്ടില്‍ മദ്യം കുടിപ്പിച്ച്‌ ഉറക്കിക്കിടത്തി‘ എന്ന പരാമര്‍ശം ശരിയല്ലെന്നു വരുന്നു!

ഏഴിമലയും കടന്നുപോകേണ്ടത് കൊണ്ടാണ് കുടകിന് ‘ഏഴിനും മീത്തല്‍‘ എന്നു പറയുന്നതത്രേ. കുടകിന് പോകാന്‍ ഏഴിമല കടക്കേണ്ടതിന്റെ സാംഗത്യം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായതുമില്ല! :-)
വേളാര്‍കോട്ട് ചെമ്മരത്തിയുടെ ‘ഉടന്തടി’യും, മച്ചുനിയന്‍ അണ്ണൂക്കന്റെ ഉറയപ്പാടും അടുത്ത പോസ്റ്റില്‍ വായിക്കാമെന്നു കരുതുന്നു!

KANNURAN - കണ്ണൂരാന്‍ said...

അരവിശിവ: നന്ദി. ബാക്കി ഉടന്‍ പോസ്റ്റ് ചെയ്യാം.
സതീഷ്: വന്നതിനും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും വളരെ നന്ദി. സി.എം.എസ്. ചന്തേര മന്നപ്പന്‍ എന്നെഴുതുമ്പോള്‍ ഡോ.എം.വി.വിഷ്ണു നമ്പൂതിരി മന്ദപ്പന്‍ എന്നാണെഴുതി കാണുന്നത്. മന്ദപ്പന്‍ എന്നതാണ് ശരിയെന്നു എനിക്കും തോന്നുന്നു.
മദ്യം കൊടുത്തു മന്ദപ്പനെ മയക്കിക്കിടത്തിയെന്ന് തോറ്റം പട്ടുകളില്‍ പറയുന്നു.
“കടുക നടന്ന് താമളത്തിലേക്ക് പോയിച്ചെല്ലുമ്പോള്‍
നാല്‍വരുടെ നടുവിലല്ലോ വിളിച്ചിരുത്തി
കണക്കിലധികം ചെരിച്ചു ചെരിച്ചു തന്നവര്
അളവറിയാതെ താന്‍ വാങ്ങി ഏറെക്കുടിച്ചു പോയീ
കുടിച്ചു മദിച്ച് താമളത്തില്‍ ഇരിക്കുന്നേരം
നേരമൊരു പാതിരയലാകം ചെല്ലുന്നേരം
മെയ്യലസിയാകുന്നോരുറക്കം
............................
ഉറക്കത്തില്‍ ചതിച്ച് പോയിനവര് ചങ്ങാതികള്
ഉറക്കത്തില്‍ ചതിച്ച് ചങ്ങാതികളെ കൂടെപ്പോണ്ട
ഉറക്കത്തില്‍ ചതിച്ചതും മറവില്‍ കൊന്നതും ഒക്കുമെടോ

ഈ വരികള്‍ താങ്കളുടെ സംശയം ദൂരീകരിക്കുമെന്ന് കരുതുന്നു.

“ഏഴിനും മീത്തല്‍” എന്നത് കുടകിന്റെ മറ്റൊരു പേരായി വേണം കരുതേണ്ടത്. ഏഴിമലയുമായി അതിനു ബന്ധമുള്ളതായി എനിക്കു തോന്നുന്നില്ല..

അഡ്വ.സക്കീന said...

ആദ്യമായിട്ടാണു ബ്ലോഗ് കണ്ടത്. വായിച്ചു, ഇഷ്ടപ്പെട്ടു. ദുഷ്ട ചെമ്മരത്തി. തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു

KANNURAN - കണ്ണൂരാന്‍ said...

സക്കീന: ചെമ്മരത്തിയെ ദുഷ്ടയെന്നു വിളിക്കല്ലേ.. വന്നതിനു നന്ദി.