Monday, September 29, 2008
പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 2
അള്ളടം നാട്ടിലേക്ക് പോകേണ്ടെന്ന് വാശി പിടിച്ച ഭാര്യയോട് നാടിന്റെയും ജന്മിയുടെയും അഭിമാനം കാക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചേ പറ്റു എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. പുലിമറയല്‍ വിദ്യ പ്രയോഗിച്ചാല്‍ തിരിച്ചു മനുഷ്യനാകാന്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും വിശ്വസ്തരായ ആളുകള്‍ തന്നെ വേണം അതു ചെയ്യാന്‍. അക്കാര്യം കാരി ഭാര്യയെ തന്നെ ഏല്പിച്ചു. പുലിരൂപം ധരിച്ചു താന്‍ വീട്ടിലെത്തിയാല്‍ ഒരു പാത്രത്തില്‍ അരികഴുകിയ വെള്ളം പുലിയുടെ മേല്‍ ഒഴിക്കണം, ചാണകത്തില്‍ മുക്കിയ ‘മാച്ചി’ കൊണ്ട് ദേഹത്ത് അടിക്കണം. നിങ്ങടെ വെള്ളച്ചിയല്ലേ എന്നും, വയറു തൊട്ട് നിങ്ങളുടെ കരുവല്ലെ ഇത് എന്നും പറയണം. ഇത്രയും ചെയ്താല്‍ മാത്രമേ പുലിത്തെറം ശമിക്കൂ. ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ മനുഷ്യനാകൂ. ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കണം, മാത്രവുമല്ല ഇതു ചെയ്യുമ്പോള്‍ ആരും കാണുവാനും പാടില്ല. വെള്ളച്ചി എല്ലാം സമ്മതിച്ചു.
അള്ളടം നാട്ടിലേക്ക് പുറപ്പെട്ട കാരി ഗുരുക്കള്‍ക്കും സംഘത്തിനും വഴി നിറയെ പരിഹാസ വചനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. പ്രശസ്തരായ മാന്ത്രികര്‍ക്കും വൈദ്യന്മാര്‍ക്കും സാധിക്കാത്ത കാര്യമാണോ ഒരു പുലയന്‍ ചെയ്യാന്‍ പോകുന്നത്??
“മലനാട്ടില്‍ മഞ്ഞയില്ലാഞ്ഞിട്ടോ
ഇന്നാട്ടില്‍ കൂവ വരുത്തുന്നത്”
എന്ന മട്ടില്‍ മേല്‍ ജാതിക്കാര്‍ പരിഹാസം ചൊരിഞ്ഞു.
കോവിലകത്തെത്തിയ കാരി തന്റെ മാന്ത്രിക വിദ്യയിലൂടെ തമ്പുരാന്റെ രോഗം മനസ്സിലാക്കി ബാധോച്ചാടനം നടത്തി രോഗം ഭേദമാക്കി. അസുഖം ഭേദമായപ്പോള്‍ തമ്പുരാന് കാരിയുടെ ഒടിമറയല്‍ അഥവാ പുലിമറയല്‍ വിദ്യ കാണണം. വളരെ കരുതലോടെ ചെയ്യേണ്ട വിദ്യയാണത്. എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ തിരിച്ചു മനുഷ്യരൂപത്തിലേക്ക് വരിക അസാധ്യം. എങ്കിലും കാരി ധൈര്യപൂര്‍വ്വം പുലിമറയല്‍ നടത്തി രാജാവിനെ അമ്പരപ്പിച്ചു. തിരികെ മനുഷ്യരൂപം കിട്ടാനായി തന്റെ ചാളയിലേക്ക് പുറപ്പെട്ട കാരി കണ്ടത് അടച്ചിട്ട വാതിലാണ്.
കാരിയെ ചതിക്കാനായി രാജാവിന്റെ ആളുകള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. രാജഭടന്മാര്‍ വെള്ളച്ചിയോട് പുലിമറയല്‍ നടത്തുന്നില്ലെന്നും വാതിലടച്ചിരിക്കാന്‍ കാരി പറഞ്ഞയച്ചിട്ടുണ്ടെന്നും കള്ളം പറഞ്ഞു. അതു വിശ്വസിച്ച വെള്ളച്ചി വാതിലടച്ച് അകത്തിരിപ്പായി.
പറഞ്ഞതില്‍ നിന്നും വിപരീതമായി ഭാര്യ പ്രവര്‍ത്തിച്ചത് കണ്ട് കലിമൂത്ത പുലി രൂപം പൂണ്ട കാരി വാതില്‍ പൊളിച്ചകത്തു കടന്നു. പുലിയെ കണ്ട് നിലവിളിച്ച വെള്ളച്ചിയെ കലിയടങ്ങാത്ത കാരി കടിച്ചു കീറി വയറ് പൊളിച്ചു. മനുഷ്യരൂപം തിരിച്ചു ലഭിക്കാതെ കാരി പുലിയന്നൂര്‍ മലയിലേക്ക് മറഞ്ഞു.
അല്പകാലത്തിനകം തന്നെ അള്ളട രാജാവ് വീണ്ടും രോഗബാധിതനായി. ദേവപ്രശ്നത്തില്‍ പുലി മറഞ്ഞ കാരി ഗുരുക്കളുടെ കോപം മൂലമാണ് രാജാവ് രോഗബാധിതനായതെന്ന് വെളിപ്പെട്ടു. രോഗശാന്തി വേണമെങ്കില്‍ കാരി ഗുരുക്കളെ കെട്ടിയാടിക്കണമെന്നും ബോധ്യപ്പെട്ടു. അങ്ങിനെ മാടായി കാരി ഗുരുക്കള്‍ക്ക് തെയ്യക്കോലം കല്‍പ്പിക്കുകയും പുലിമറഞ്ഞ തൊണ്ടച്ചനായി തെയ്യം കെട്ടിയാടിച്ച് ആരാധിക്കുകയും ചെയ്തു.
പുലയ സമുദായത്തില്‍ പെട്ട ആളുകളാണ് പുലി മറഞ്ഞ തൊണ്ടച്ചന്‍ തെയ്യം കെട്ടിയാടി വരുന്നത്.
* ‘മാച്ചി’ - ചൂല്
അവലംബം: കളിയാട്ടം, സി.എം.എസ്. ചന്തേര
Sunday, September 28, 2008
പുലിമറഞ്ഞ തൊണ്ടച്ചന്‍ ഭാഗം 1
പുലിമറഞ്ഞ തൊണ്ടച്ചന്‍ തെയ്യം പൊലികാ
പുകള്‍പെറും മാടായി കാരിഗുരുക്കളേ
പുലിമറഞ്ഞ തൊണ്ടച്ചാ, നീ തൊണയേ..
ഇതു പുലിമറഞ്ഞ തൊണ്ടച്ചന്റെ പൊലിപ്പാട്ട്. വടക്കെമലബാറില്‍ വളരെ പ്രശസ്തമായ ഒരു പുരാവൃത്തമാണ് മാടായി കാരിഗുരുക്കളുടേത്. പുലയനായി ജനിച്ച് പതിനെട്ടു കളരിയിലും അഭ്യാസം പൂര്‍ത്തിയാക്കി ഒടുവില്‍ തമ്പുരാക്കന്മാരുടെ ചതിയില്‍പെട്ട് സ്വജീവന്‍ വെടിയേണ്ടി വന്നു മാടായി കാരി ഗുരുക്കള്‍ക്ക്. പ്രശസ്ത കഥാകൃത്തായ എന്‍ പ്രഭാകരന്റെ പുലിജന്മം എന്ന നാടകം, അന്തരിച്ച പ്രഗത്ഭ എഴുത്തുകാരന്‍ ഡോ.ടി.പി.സുകുമാരന്റെ മാടായി കാരി എന്ന നാടകം, താഹ മാടായിയുടെ ‘കാരി’, ഒടുവില്‍ പ്രിയനന്ദനനെ ദേശീയ പുരസ്കാരത്തിനര്‍ഹനാക്കിയ പുലിജന്മം എന്ന സിനിമ, ഇവയെല്ലാം മാടായി കാരി ഗുരുക്കളുടെ കഥയെ പുനരാഖ്യാനം ചെയ്തുകൊണ്ടാണെഴുതപ്പെട്ടിട്ടുള്ളത്. എല്ലാവരും വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ കാരിയുടെ കഥ പറയുന്നു.
ചേണിച്ചേരി കുഞ്ഞമ്പു എന്ന നാട്ടുപ്രഭുവിന്റെ അടിമകളായിരുന്ന വിരുന്തന്റെയും വിരുന്തിയുടെയും മകനായിരുന്നു കാരി. കുഞ്ഞിമംഗലത്തിനു കിഴക്ക് വടക്ക് ഭാഗത്തുള്ള പാറന്താട്ട് മലയിലാണ് ഇവര്‍ താമസം. ചെറുപ്പം മുതല്‍ക്കു തന്നെ കൃഷിപ്പണിയോട് കാരിക്ക് താല്‍പ്പര്യമില്ലായിരുന്നു. കൈമിടുക്കും മെയ്ക്കരുത്തുമുള്ള കാരിക്ക കളരിയില്‍ ചേരാനായിരുന്നു ആഗ്രഹം. അടിമകളായ പുലയര്‍ക്ക് കളരികളില്‍ പ്രവേശനമില്ലായിരുന്നു അക്കാലത്ത്. കാരിയുടെ ആഗ്രഹം കേട്ട് ജന്മിയായ ചേണിച്ചേരി അവനെ കളരിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവന്റെ പേരും കുലപ്പേരും മാറ്റിപ്പറഞ്ഞാണ് ചേണിച്ചേരി അവന് കളരി പ്രവേശനം ഉറപ്പാക്കിയത്.
അക്കാലത്ത് പ്രശസ്തമായ 18 കളരികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 17 കളരികളിലും ‘കാരി’ പയറ്റി തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. പതിനെട്ടാമത്തെ കളരിയായ ചോദിയാര്‍ കളരിയില്‍ നിന്നും മാന്ത്രിക വിദ്യകളും ജ്യോതിഷവും ഹൃദിസ്ഥമാക്കി. അതീവ ജാഗ്രതയോടെ പഠിക്കേണ്ട ‘പുലിമറയല്‍‘ എന്ന ഒടിവിദ്യയും കാര്യ പഠിച്ചെടുത്തു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പതിനെട്ടാമത്തെ കളരിയിലെ ആശാത്തിയോട് യാത്രപറയാന്‍ തുടങ്ങുമ്പോഴേക്കും, കാരി പേരും കുലപ്പേരും മാറ്റി പറഞ്ഞതാണെന്നു മനസ്സിലായി. കുപിതയായ ആശാത്തി ഗുരുവിനെ ചതിച്ചു (പേരും കുലപ്പേരും മാറ്റിപ്പറഞ്ഞത്) വശത്താക്കിയ വിദ്യകൊണ്ടു തന്നെ കാരി നശിച്ചു പോകുമെന്ന് ശപിച്ചു. ദുഖിതനായ കാരി സ്വഗൃഹത്തില്‍ തിരച്ചെത്തി. ആര്‍ജ്ജിച്ച വിദ്യ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കണമെന്ന തന്റെ ആഗ്രഹം ജന്മിയായ ചേണിച്ചേരിയെ അറിയിച്ചു.കാരി അഭ്യസിച്ച വിദ്യകള്‍ ചേണിച്ചേരി മുമ്പാകെ കാണിച്ചു കൊടുത്തു. സന്തുഷ്ടനായ ജന്മി മലയില്‍ തന്നെ ഒരു കളരി നിര്‍മ്മിച്ചു കൊടുത്തു.
കളരി തുടങ്ങിയതോടു കൂടി അഭ്യാസിയായ ‘കാരി’ ഗുരുക്കളുടെ പ്രശസ്തി നാടെമ്പാടും പരന്നു. കോലത്തു നാട്ടില്‍ മാത്രമല്ല അള്ളടത്തു നാട്ടില്‍ വരെ പ്രശസ്തിയെത്തി. ആ സമയത്താണ് അള്ളടം നാട്ടിലെ രാജാവിന് (നീലേശ്വരം) മാനസിക വിഭ്രാന്തി പിടിപെട്ടത്. സഹോദരിയുടെ പുത്രനായ ഇളമുറ തമ്പുരാന്‍ പൊട്ടന്‍, ഗുളികന്‍, കുറത്തി തുടങ്ങിയ മൂര്‍ത്തികളെ ഉപാസിച്ച് അവരെകൊണ്ട് വിഭ്രാന്തി വരുത്തിച്ചതാണെന്നായിരുന്നു കേള്‍വി. രോഗം മാറ്റുവാന്‍ പ്രശസ്തരായ വൈദ്യന്മാരൊക്കെ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം.‘മാടായി കാരി ഗുരുക്കളുടെ’ പ്രശസ്തി കേട്ടറിഞ്ഞ് കൊട്ടാരത്തില്‍ നിന്നും ആളെത്തി. ‘കാരിയെ’ പറഞ്ഞയക്കാന്‍ ചേണിച്ചേരി ജന്മി ആദ്യം വിസമ്മതിച്ചു. കാരിയെ അയക്കില്ലെന്നറിഞ്ഞ് കൊട്ടാരത്തില്‍ നിന്നും ഭീഷണിയായി. ഒടുവില്‍ കാരിയെ മനസ്സില്ലാമനസ്സോടെ അയക്കുവാന്‍ തന്നെ തീരുമാനിച്ചു. അഭ്യാസിയായ കാരിയെ അള്ളടത്തേക്കയച്ചാല്‍ കാര്യസാധ്യത്തിനുശേഷം ചതിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടായിരുന്നു ആദ്യം അയക്കാന്‍ മടിച്ചത്. പുലയനായ കാരിയോടു അസൂയയുള്ളവര്‍ കോലത്തു നാട്ടിലും, അള്ളടത്തും ധാരളമുണ്ടെന്ന് ജന്മിക്കറിയാമായിരുന്നു. അവര്‍ അപായപ്പെടുത്തുമെന്ന് മനസ്സിലാക്കിയ ജന്മി “ചരതിക്കണം, തടി ചരതിക്കണം” എന്ന് പലവട്ടം ഓര്‍മ്മിപ്പിച്ചാണ് കാരിയെ യാത്രയാക്കിയത്.
ബാക്കി ഇവിടെ വായിക്കുക
* ചരതിക്കണം - ശ്രദ്ധിക്കണം
Wednesday, June 11, 2008
കോതാമ്മൂരിയാട്ടം
തുലാ മാസം 10ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക. ഒരു സംഘത്തില്‍ ഒരു കോതാമ്മൂരി തെയ്യവും (ആൺകുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട്
മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളില്‍ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാന്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതില്‍ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളില്‍ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കും ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടി വരുന്നത് കൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാന്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കാറുണ്ട്.
കോതാമ്മൂരി വരുമ്പോള്‍ വീടുകളില്‍ സ്വീകരിക്കുന്നതിനായി വിളക്കും തളികയും, നിറനാഴിയും, മുറത്തില്‍ നെല്‍വിത്തും ഒരുക്കി വെക്കും. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ കോതാമ്മൂരിയും, പനിയന്മാരും ഇതിനു വലംവെക്കും. തുടര്‍ന്ന് പാട്ടുകള്‍ പാടും. മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാന പാട്ടാണ്. “ആരിയന്‍ നാട്ടില്‍ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതല്‍ ചെറുകുന്ന് വരെ നീണ്ടു കിടക്കുന്ന “കോലത്തുവയല്‍” ഈ അമ്മയുടേതാണ്.
ഈ പാട്ടുകള്‍ കൂടാതെ മാടായിക്കാവിലമ്മയുടെയും, തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും, വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാന്‍
ഭൂമിലോകത്തിതാ കീഞ്ഞേന്‍
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ എന്നാണ് പൊലിപ്പാട്ടിലുള്ളത്.
മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വര്‍ണ്ണിക്കുന്ന പാട്ടാണ് കലശം പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യര്‍ക്കും ദേവതകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.
കല്ലിന്റെ കീഴ ചുമട്ടില്‍ എന്നു തുടങ്ങി
ആര്‍ക്കെല്ലാം വേണം
കലശം തൊണ്ടച്ചന്‍ ദൈവത്തിന്നും വേണം
കലശം മുത്തപ്പന്‍ ദൈവത്തിനും വേണം
കലശം പൊട്ടന്‍ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലികകള്ളും പൊലിക കലശം പൊലിക എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.
പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാല്‍ പനിയന്മാര്‍ക്കെന്തും പറയാം. വേദാന്തം മുതല്‍ അശ്ലീലം വരെ അവര്‍ പറയുകയും ചെയ്യും, പക്ഷെ ഒക്കെയും സാമൂഹ്യ വിമര്‍ശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാല്‍ നെല്ലും പണവും തുണിയും ഇവര്‍ക്ക് വീട്ടുകാര്‍ നല്‍കും. കൃഷിയുമായും, കന്നുകാലി വളര്‍ത്തുമായി ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.
കുറച്ചു വര്‍ഷം മുന്‍പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.
കോതാമ്മൂരിയാട്ടത്തെക്കുറിച്ച് മലബാറിയുടെ പോസ്റ്റ് ഇവിടെ വായിക്കാം. (ഈ പോസ്റ്റ് ശ്രദ്ധയില്പെടുത്തിയ മലബാറിക്ക് നന്ദി).
ചിത്രങ്ങള്‍: ധനരാജ് കീഴറ
റഫ: തെയ്യത്തിലെ ജാതി വഴക്കം, ഡോ. സഞ്ജീവന്‍ അഴീക്കോട്
കേരളത്തിന്റെ തനതുകലകള്‍ - കോതാമ്മൂരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി
Wednesday, March 12, 2008
വേട്ടയ്ക്കൊരു മകന്

മഹാഭാരത കഥയും, ബാലുശ്ശേരിയിലെ ഒരു നായര്‍ പോരാളിയുടെ കഥയുമാണിവിടെ ഇടകലര്‍ന്നു വരുന്നത്. ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അര്‍ജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാര്‍വ്വതിമാര്‍ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവന്‍ കാമാര്‍ത്തനായി പാര്‍വതിയെ പ്രാപിക്കുകയും അങ്ങിനെ വേട്ടയ്ക്കൊരുമകന്‍ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകള്‍ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ , പരമശിവന്‍ അപ്രകാരം ചെയ്തു. അങ്ങിനെയാണ് വേട്ടയ്ക്കൊരുമകന്‍ ഭൂമിയിലെത്തിയതത്രെ.
(വേട്ടയ്ക്കൊരു മകന്റെ തോറ്റം ഇവിടെ കാണാം)
ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകന്‍ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തില്‍ അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കൊട്ട കുറുമ്പ്രാതിരിമാര്‍ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറുമ്പ്രാതിരിമാര്‍ കോട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.
(വേട്ടയ്ക്കൊരു മകന്റെയും ഊര്‍പ്പഴശ്ശിയുടെയും വെള്ളാട്ടങ്ങള്‍ ഇവിടെ കാണാം)
വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങള്‍ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങള്‍ക്കകം ആ പിഞ്ചു പൈതല്‍ ഉടച്ചു തീര്‍ത്തു.
(വേട്ടയ്ക്കൊരു മകന്റെയും ഊര്‍പ്പഴശ്ശിയുടെയും വെള്ളാട്ടങ്ങള്‍ പ്രതീകാത്മകമായി നാളികേരം തകര്‍ക്കുന്നത് ഇവിടെ കാണാം)
ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകര്‍ത്തു” എന്നാണ് തോറ്റം പാട്ടില്‍ ഇതേ പറ്റി പാടാറുള്ളത്.

വേട്ടയ്ക്കൊരു മകന്‍ നെടിയിരുപ്പു സ്വരൂപത്തില്‍ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളില്‍ ഊര്‍പ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും ഊര്‍പ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്.
(വേട്ടയ്ക്കൊരു മകന്‍ തെയ്യം)
നായര്‍ സമുദായക്കാരുടെ പ്രധാന ആരാധനാ മൂര്‍ത്തിയാണ് വേട്ടയ്ക്കൊരു മകന്‍.
വേട്ടയ്ക്കൊരു മകന്‍ വിക്കിയില്‍
ഫോട്ടോ: കണ്ണൂരാന്‍
വീഡിയോ കടപ്പാട്: തോറ്റം, വെള്ളാട്ടം - പി.പ്രമോദ് കുമാര്‍
തെയ്യം: ഇ.സുനില്‍ കുമാര്‍
(വീഡിയോ ക്വാളിറ്റി മോശമാണ്, സദയം ക്ഷമിക്കുമല്ലൊ)
Saturday, February 23, 2008
വയനാട്ടുകുലവന്‍
ചെയ്തു.

“വേടരൂപം ധരിച്ചുള്ള കൈലാസനാഥന്‍
വേട്ടയ്ക്കായെഴെന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിംതെങ്ങിന്‍ കുറുംകുലമേല്‍
മധുപൊഴിയും വാനുലോകം പൊഴിയുന്നല്ലൊ
അതുകണ്ട് പരമശിവന്‍ അടുത്തു ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതു കണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി”
എന്നിങ്ങനെയാണ് ഇതേക്കുറിച്ച് തോറ്റം പാട്ടില്‍ പറയുന്നത്.

ഇതുകണ്ട് ഭയന്ന് പാര്‍വ്വതി തന്റെ മന്ത്രശക്തിയാല്‍ ‘മധു’ തടവി മുകളിലേക്കുയര്‍ത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിന്‍ മുകളിലെത്തിയതായാണ് കാണാന്‍ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവന്‍ തൃജ്ജടകൊണ്ട് തൃത്തുടമേല്‍ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങില്‍ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു.

ഇതറിഞ്ഞ പരമശിവന്‍ ‘കദളീമധുവന’ത്തില്‍ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാല്‍ വിലക്കു വകവെക്കാതെ ദിവ്യന്‍ ‘കദളീമധുവന‘ത്തില്‍ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകള്‍ പൊട്ടി മധുകുംഭത്തില്‍ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.

മാപ്പിരന്ന മകന് പൊയ്‌കണ്ണ് നല്‍കി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. അങ്ങിനെ വയനാട്ടില്‍ എത്തിച്ചേര്‍ന്ന ‘ദിവ്യന്‍’ വയനാട്ടുകുലവനെന്നറിയപ്പെടാന്‍ തുടങ്ങി. ഈ ദൈവം വാണവര്‍കോട്ടയില്‍ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്നും അവിടുത്തെ വാഴുന്നവര്‍ക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതത്രെ.

വയനാട്ടുകുലവന്റെ ഉരിയാട്ടം അതീവ രസകരമാണ്. തമാശരൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ പറയുന്ന ശൈലിയാണ് വയനാട്ടുകുലവന്റേത്.
“കണ്ണും കാണൂല്ല, ചെവിയും കേക്കൂല തൊണ്ടച്ചന്
എന്നാല്‍ കരിമ്പാറമേല്‍ കരിമ്പനിരിയുന്നത് കാണാം,
നെല്ലിച്ചപ്പ് കൂപത്തില്‍ വീഴുന്നത് കേള്‍ക്കാം”
വളരെ അര്‍ത്ഥവത്തായ ഇത്തരം വാചകങ്ങളാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കികൊണ്ട് വയനാട്ടുകുലവന്‍ തെയ്യം പറയാറ്.

വടക്കെ മലബാറിലെ തീയ്യ സമുദായത്തില്‍ പെട്ടവരുടെ പ്രധാന ആരാധനാമൂര്‍ത്തിയാണ് വയനാട്ടുകുലവന്‍. വയനാട്ടുകുലവന്റെ പരികര്‍മ്മിയായി എപ്പോഴും തീയ്യ സമുദായത്തില്‍ പെട്ട ആളാണുണ്ടാവുക. എന്നാല്‍ നായര്‍/നമ്പ്യാര്‍ തറവാടുകളില്‍ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ വയനാട്ടുകുലവന്‍ തെയ്യത്തെ തൊണ്ടച്ചന്‍ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാന്‍ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിന്‍(കമുകിന്‍) പൂവാണ്.

കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വര്‍ഷവും വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടുമെങ്കിലും, കാസര്‍ഗോഡ് ജില്ലയില്‍ വയനാട്ടുകുലവന്‍ ദൈവ് കെട്ട് വളരെ വര്‍ഷം കൂടുമ്പോള്‍ മാത്രമേ ആഘോഷിക്കാറുള്ളൂ. പെരുങ്കളിയാട്ടം പോലെ വമ്പിച്ച ഒരു പരിപാടിയായാണ് വയനാട്ടുകുലവന്‍ ദൈവ് കെട്ട് നടക്കുക. 3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി നാള്‍മരം മുറിക്കല്‍, കലവറ നിറക്കല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും. വയനാട്ടുകുലവന്‍ തെയ്യത്തിന്റെ കൂടെ കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങളും കാസര്‍ഗോഡ് ഭാഗത്ത് ഉണ്ടാകാറുണ്ട്. ആദ്യ ദിവസം തെയ്യം കൂടല്‍, രണ്ടാം ദിവസം തെയ്യങ്ങളുടെ വെള്ളാട്ടം, മൂന്നാം ദിവസം രാവിലെ മുതല്‍ തെയ്യ പുറപ്പാട് എന്നിവ നടക്കും. വൈകുന്നേരം നാലുമണിയോടെയാണ് തൊണ്ടച്ചന്‍ തെയ്യം അരങ്ങിലെത്തുക. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. രണ്ടാം ദിവസംരാത്രി നായാട്ടുകാര്‍ കൊണ്ടുവന്ന മൃഗങ്ങളെ, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വകയില്‍ ബപ്പിടല്‍ ചടങ്ങു നടക്കും. അതിന്നു ശേഷം അവയെ പാകം ചെയ്ത് തെയ്യം കാണാന്‍ വന്നവര്‍ക്കെല്ലാം ഭക്ഷണത്തോടൊപ്പം വിളമ്പും.വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകള്‍ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിര്‍ബാധം തുടരുന്നുണ്ട്.
ഈ പോസ്റ്റിലെ ആദ്യ ചിത്രം വെള്ളാട്ടത്തിന്റെ മുഖത്തെഴുതുന്നതും, 2, 3 ചിത്രങ്ങള്‍ വയനാട്ടുകുലവന്റെ വെള്ളാട്ടത്തിന്റെയും, 4 മുതലുള്ള ചിത്രങ്ങള്‍ തെയ്യത്തിന്റേതുമാണ്. ചിത്രങ്ങള്‍ ഞാനെടുത്തതാണ്, പല പോരായ്മകളുമുണ്ടാകും.
വയനാട്ടുകുലവന്റെ തോറ്റം വിക്കിയില്‍ ലഭ്യമാണ്, ശ്രീലാലിന്റെ പ്രയത്നത്തിനു നന്ദി.
റഫറന്‍സ്: 1. കളിയാട്ടം, സി.എം.എസ്.ചന്തേര
2. നാടന്‍ പാട്ടു മഞ്ജരി, ഡോ.എം.വി.വിഷ്ണു നമ്പൂതിരി
3. തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവന്‍ അഴീക്കോട്
Monday, December 03, 2007
മീനമൃത്
ഉത്തര മലബാറിലെ കളിയാട്ടങ്ങളില്‍ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നാണ് മീനമൃത്.
മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള വെള്ളുവ സമുദായത്തില്‍ പെട്ട ആളുകള്‍ക്കാണ് മീനമൃത് എടുക്കുവാനുള്ള അധികാരം. ഈ കുടുംബത്തില്‍ പെട്ട ഒരാളെ വെള്ളുവക്കുറുപ്പായി സ്ഥാനം നല്‍കിയിട്ടുണ്ടാകും.വെള്ളുവക്കുറുപ്പിന്റെ നേതൃത്വത്തിലാണ് മീനമൃത് കൊണ്ടുവരിക.

കളിയാട്ടത്തോടനുബന്ധിച്ച തെയ്യങ്ങള്‍ വൈകുന്നേരങ്ങളിലാണ് ഉണ്ടാവുകയെങ്കിലും, മീനമൃതിനുള്ള തയ്യാറെടുപ്പ് രാവിലെ മുതല്‍ തന്നെ ആരംഭിക്കും. കാവില്‍/അമ്പലത്തില്‍ നിന്നുള്ള തീര്‍ത്ഥവുമായി പുഴക്കരയിലുള്ള തറവാട്ടിലേക്ക് രാവിലെ തന്നെ വെള്ളുവക്കുറുപ്പ് പുറപ്പെടും. വീട്ടിലൊരുക്കിയ സദ്യ കഴിച്ചതിനു ശേഷം തറവാട്ടില്‍ വിളക്കു കൊളുത്തി മീന്‍ പിടിക്കാനായി സംഘത്തോടൊപ്പം യാത്രയാവും. മീനമൃതിനാവശ്യമായത്ര മീന്‍ ലഭിച്ചു കഴിഞ്ഞാല്‍ തറവാട്ടിലേക്ക് തിരിച്ചു വരും. പരല്‍ മീനുകളാണ് മീനമൃതിനായി സാധാരണ ഉപയോഗിച്ചു വരുന്നത്. അവിടെ വച്ച് മീനുകളെ ‘കോയ’കളാക്കി തിരിക്കും. ഈര്‍ക്കില്‍ ഉപയോഗിച്ച് ലഭിച്ച മീനുകളെ കോര്‍ത്താണ് ‘കോയ’കളുണ്ടാക്കുന്നത്. പ്രസ്തുത ‘കോയ’കള്‍ കാലകാലങ്ങളായി ഉപയോഗിച്ചു വരുന്ന ‘തണ്ടില്‍’ കൊളുത്തിയിട്ട് വൈകുന്നേരം അമ്പലത്തിലേക്ക്/ കാവിലേക്ക് പുറപ്പെടുകയായി. വള്ളുവക്കുറുപ്പും പരിവാരങ്ങളും ‘ശീ....ഓം......, ശീം.. ഓം...... വിളികളുമായും ചീനിക്കുഴല്‍, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെയും യാത്രയാകും.

അമ്പലത്തില്‍/ കാവിലേക്ക് എത്തുന്ന വെള്ളവക്കുറുപ്പിനെയും, മീനമൃതിനെയും ക്ഷേത്രത്തിലെ ആചാരക്കാര്‍ അരിയെറിഞ്ഞു സ്വീകരിക്കും. അമ്പലമുറ്റത്ത് / കാവിലെ മുറ്റത്ത് സമര്‍പ്പിക്കുന്ന മീനമൃത് ക്ഷേത്രത്തിലെ അവകാശികള്‍ക്കും മറ്റുള്ളവര്‍ക്കുമായി വീതിച്ചു നല്‍കും.

വളരെ അപൂര്‍വ്വം അമ്പലങ്ങളില്‍/കാവുകളില്‍ മാത്രമുള്ള ഇത്തരം ചടങ്ങുകള്‍ നല്‍കുന്ന സന്ദേശം വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഫോട്ടോ: പ്രസാദ്
Monday, November 19, 2007
മാപ്പിള തെയ്യങ്ങള്‍

ഓരോ തെയ്യത്തിനും തനതായ പുരാവൃത്തമുണ്ട്. ഇത്തരം പുരാവൃത്തങ്ങളില്‍ മാപ്പിളകഥാപാത്രങ്ങളും ഉണ്ടായിരുന്നുവെന്നത് വളരെ അത്ഭുതകരമായി തോന്നാം. ആലിച്ചാമുണ്ഡി, ആര്യപ്പൂങ്കന്നി എന്നീ തെയ്യങ്ങള്‍ മാപ്പിള സമുദായക്കാരാണത്രെ. കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ പുരാവൃത്തത്തിലും മാപ്പിള കഥാപാത്രങ്ങളെ കാണാം.
ഉഗ്രമാന്ത്രികനായിരുന്ന ആലിയെ നാട്ടുകാര്‍ ചതിച്ചു കൊന്നുവെന്നും, അതിനുശേഷം നാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടുതുടങ്ങിയെന്നും, അതേതുടര്‍ന്ന മാന്ത്രികനായ ആലിക്ക് കോലം കല്‍പ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്. ആര്യപ്പൂങ്കന്നി ഭഗവതി മരക്കലത്തില്‍ വന്ന മുസ്ലീം കന്യകയാണെന്നാണ് വിശ്വസിക്കുന്നത്. ഈ തെയ്യത്തിന്റെ പുറപ്പാട് പര്‍ദ്ദപോലെയുള്ള തുണി ധരിച്ചാണ്. ഭഗവതിയെ കൊണ്ടുവന്ന കപ്പിത്താനാണ് ബപ്പൂരാന്‍. ബപ്പൂരാനും മാപ്പിള സമുദായത്തില്‍ പെട്ടയാളത്രെ. അണ്ടലൂര്‍ കാവിലെ ബപ്പൂരാനല്ല, ആ ബപ്പുരാന്‍ ഹനുമാന്‍ ആണെന്നാണ് വിശ്വാസം.

കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ ഇതിവൃത്തവും ഒരു മാപ്പിളകുടുംബവുമായി ബന്ധപ്പെട്ടതാണ്. പായ്യത്തുമലയില്‍ താമസിച്ചിരുന്ന ഒരു മാപ്പിളയുടെ ഭാര്യക്ക് പേറ്റുനോവുണ്ടാവുകയും, പോറ്റിച്ചിയെ തേടി പോയപ്പോള്‍ കാട്ടില്‍ വെച്ച് കണ്ടു മുട്ടിയ സുന്ദരി പേറെടുക്കാന്‍ തയ്യാറായി കൂടെ വരികയും ചെയ്തു. എന്നാല്‍ സമയമേറെ കഴിഞ്ഞിട്ടും ഈറ്റില്ലത്തില്‍ നിന്നും യാതൊരു ശബ്ദവും കേള്‍ക്കാത്തതിനാല്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ചോരവാര്‍ന്നു മരിച്ചുകിടക്കുന്ന പ്രിയതമയെയാണ്. ഉടന്‍ കയ്യില്‍ കിട്ടിയ ഉലക്കയുമായി പോറ്റിച്ചിയെ തേടി കാട്ടില്‍ പോവുകയപ്പോള്‍ വള്ളിയിലിരുന്നാടുന്ന സുന്ദരിയെയാണ്. തന്റെ കോപം തീര്‍ക്കാന്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചപ്പോള്‍ നടുവൊടിയുകയും ആ സുന്ദരി ഭയങ്കര രൂപം പ്രാപിച്ച് മാപ്പിളയെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ആ കാട്ടുമൂര്‍ത്തിയാണ് കരിഞ്ചാമുണ്ഡി. പണ്ടുകാലത്ത് ഈ തെയ്യം മാപ്പിളമാരും, സ്ത്രീകളും കാണാറില്ലായിരുന്നു. തെയ്യങ്ങള്‍ ഓരോരോ സമുദായക്കാരെയും അഭിസംബോധന ചെയ്യുന്നത് പ്രത്യേക നാമത്തിലാണ്. ഉയര്‍ന്ന സമുദായക്കാരായ നായന്മാര്‍ അകമ്പടികളാണെങ്കില്‍, തീയ്യര്‍ എട്ടില്ലം കരുമനയും, മാപ്പിളമാര്‍ മാടായി നഗരവുമാണ്.
ഇപ്പോഴും തെയ്യം കാണാന്‍ വരുന്ന മാപ്പിളമാരോട് ഉരിയാടുന്നത് ഇപ്രകാരമത്രെ.
“ചേരമാന്‍ പെരുമാള് കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടിക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ്നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാര് കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി.. ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലെ എന്റെ മാടായി നഗരേ??“
ഏകദൈവ വിശ്വാസികളായ മാപ്പിളമാര്‍ തെയ്യങ്ങളെ ആരാധിക്കാറില്ലെങ്കിലും, ഗ്രാമോത്സവമായ കളിയാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു പോന്നിരുന്നു. മുന്‍കാലങ്ങളില്‍ നില നിന്നിരുന്ന ജാതി മതങ്ങള്‍ക്കതീതമായ വിശ്വാസങ്ങളുടെയും, കൂട്ടായ്മയുടെയും ഉത്തമോദാഹരണമായി ഇതിനെ കാണാം.
റഫ: കളിയാട്ടം, സി.എം.എസ്.ചന്തേര